Movlog

Kerala

അലറി വിളിക്കണത് കേട്ട് എത്തി പിടിച്ചു വലിച്ചെങ്കിലും വെള്ളത്തിൽ മുങ്ങി പോയി ! കണ്ണീരടക്കാൻ സാധിക്കാതെ കുടുംബവും നാടും

മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ നാലുതൈക്കൾ നെപ്പോളിയന്റെ മക്കളായ അഭിജിത്ത് (11) അനഘ(10) എന്നിവരാണ് വീടിനു സമീപത്തുള്ള പൊഴിയിൽ മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. വീടിന് സമീപമുള്ള കടലിനോട് ചേർന്നുള്ള ഓമനപ്പുഴയിലെ റാണി പൊഴിയിൽ ആണ് അപകടം നടന്നത്. അയൽവാസികളായ കുട്ടികളോടൊപ്പം കടപ്പുറത്ത് കളിക്കുന്നതിനിടയിൽ ആണ് കുട്ടികൾ പൊഴിയിലേക്ക് ഇറങ്ങിയത്. അഭിജിത്തും അനഘയും പൊഴിയിൽ മുങ്ങുന്നതു കണ്ട് കൂടെയുള്ള കുട്ടികൾ നിലവിളിച്ചു. കുട്ടികളുടെ നിലവിളികേട്ട് സമീപത്തെ വീടുകളിൽ നിന്ന് ബന്ധുക്കൾ ഓടിയെത്തി അവരെ മുങ്ങി എടുക്കുകയായിരുന്നു. ഉടൻ തന്നെ ചെട്ടിക്കാട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.

കുട്ടികളുടെ അമ്മ ആൻ മരിയ കുവൈറ്റിൽ നഴ്സായി ജോലി ചെയ്യുകയാണ്. പൂങ്കാവ് എസ് സിഎംവി യുപി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്ത്. ഇതേ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അനഘ. ഇവർക്ക് അജിത് എന്ന ഒരു സഹോദരനും കൂടിയുണ്ട്. പൊഴി കടലിൽ ചേരുന്ന ഭാഗത്ത് മണൽ ഇളകിയ നിലയിലായതാണ് അപകടം ഉണ്ടാകാൻ കാരണം എന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. പൊതുവേ പൊഴിയിൽ കുട്ടികൾ ഇറങ്ങാറില്ല. പൊഴിയുടെ മറുകരയിൽ പുലിമുട്ട് നിർമാണത്തിനായി മണ്ണുമാന്തി യന്ത്രങ്ങളും മറ്റും പ്രവർത്തിപ്പിക്കുന്നത് കണ്ട കൗതുകത്തിൽ ആയിരിക്കാം കുട്ടികൾ പൊഴിയിലേക്ക് ഇറങ്ങാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. കുട്ടികൾ ഇവിടെ സ്ഥിരം കളിക്കുന്നതിനാൽ കടപ്പുറത്ത് വിശ്രമിച്ചിരുന്ന മത്സ്യത്തൊഴിലാളികളും സമീപത്തുള്ള വീട്ടുകാരും അവരെ ശ്രദ്ധിച്ചിട്ടില്ല. കൂടെ കളിച്ചിരുന്ന മറ്റു കുട്ടികളുടെ നിലവിളി കേട്ടായിരുന്നു ആളുകൾ ഓടിയെത്തിയത്. ഉടൻ തന്നെ കുട്ടികളെ പുറത്തേക്ക് എടുത്തെങ്കിലും തീർത്തും അവശരായിരുന്നു അവരെന്നെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അയൽവാസി ഇമ്മാനുവൽ പറയുന്നു.

ഹയർസെക്കൻഡറി വിദ്യാർഥിയായ ഇമ്മാനുവൽ ഓൺലൈൻ ക്ലാസിൽ ഇരിക്കുമ്പോഴായിരുന്നു സമീപത്തുനിന്ന് ബഹളം കേട്ടത്. ഇമ്മാനുവൽഓടിയെത്തിയപ്പോഴേക്കും കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ടായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി വാഹനത്തിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാൻ ആയില്ല. സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുതിർന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വെള്ളത്തിന്റെ അപകട സാധ്യതകളെ കുറിച്ച് കുട്ടികളെ പറഞ്ഞു പഠിപ്പിക്കണം. വെള്ളത്തിന്റെ ചെറിയ സ്രോതസിനു അടുത്തു പോലും മുതിർന്നവരില്ലാതെ കുട്ടികൾ എത്താതെ ശ്രദ്ധിക്കണം. കുട്ടികൾ വെള്ളത്തിൽ കളിക്കുമ്പോൾ നീന്തൽ അറിയുന്ന മുതിർന്നവർ അടുത്തു തന്നെ ഉണ്ടാവണം. നീന്തൽ അറിയാത്തവർ വെള്ളത്തിൽ വീഴുന്നവരെ സാഹസികമായി രക്ഷപ്പെടുത്താൻ ഒരിക്കലും ശ്രമിക്കരുത്. കരയിൽനിന്ന് കയറോ തുണിയോ നൽകുകയോ കൈയ്യെത്തിച്ച് നൽകിയോ വേണം രക്ഷപ്പെടുത്താൻ ശ്രമിക്കുക. അല്ലെങ്കിൽ ഒച്ചയുണ്ടാക്കി മറ്റുള്ളവരുടെ സഹായം തേടുക.

കുട്ടികളെ അത്യാവശ്യമായി നീന്തൽ പഠിപ്പിക്കുക. വെള്ളത്തിൽ വെച്ച് ഗുരുതരമാകുന്ന അസുഖങ്ങളാണ് മസിൽ കയറുന്നതും ഹൃദ്രോഗങ്ങളും അപസ്മാരവും. അങ്ങനെയുള്ള കുട്ടികൾ വെള്ളത്തിൽ ഇറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തിൽ ഇറങ്ങുമ്പോൾ വസ്ത്രധാരണത്തിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അപകടം സംഭവിച്ചാൽ രക്ഷപ്പെടാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്ത്രങ്ങൾ കഴിവതും ഒഴിവാക്കുക. ആഴം കുറവുള്ള വെള്ളത്തിൽ ചെളിയിൽ പൂണ്ടു പോകാനും തല പാറയിലോ മറ്റും ഇടിക്കാനോ സാധ്യതയുള്ളതുകൊണ്ട് വെള്ളത്തിലേക്ക് എടുത്തു ചാടുന്നത് ഒഴിവാക്കുക. ബക്കറ്റിലെ വെള്ളത്തിൽ പോലും കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് കളിക്കാൻ വിടുന്നതും ഇരുട്ടിയതിന് ശേഷം വെള്ളത്തിൽ ഇറക്കാൻ വിടുന്നതും ഒഴിവാക്കുക. വെള്ളത്തിൽ നിന്നും രക്ഷിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ ഉണ്ട്. ഇടതുവശം തിരിച്ചു കിടത്തിയാൽ വായിൽ നിന്ന് വെള്ളം ശ്വാസകോശത്തിലേക്ക് മറ്റും ഇറങ്ങാതിരിക്കാൻ സഹായിക്കും. നെഞ്ചിൽ ശക്തമായി അമർത്തി വായിലൂടെയോ മൂക്കിലൂടെയോ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക. വെള്ളത്തിൽ വീഴുന്നവരുടെ നട്ടെല്ലിന് പരിക്ക് പറ്റാനുള്ള സാധ്യതകൾ ഉള്ളതിനാൽ രക്ഷാപ്രവർത്തനം നടത്തുമ്പോൾ അത് ഓർത്തു വേണം ചെയ്യാൻ. അപകടത്തിൽ പെട്ട ആളെ ഒട്ടും സമയം വൈകാതെ ആശുപത്രിയിലെത്തിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

To Top