Movlog

Faith

കലാഭവൻ മണിയുടെ കൂടെ ഉള്ള നിമിഷം ഓർത്തെടുത്ത് ജാഫർ ഇടുക്കി

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരമാണ് ജാഫർ ഇടുക്കി. മിമിക്രിയിൽ നിന്നും മലയാളസിനിമയിലേക്ക് എത്തി പിന്നീട് ഹാസ്യ വേഷങ്ങളിലൂടെയും ഗൗരവമാർന്ന കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് അദ്ദേഹം. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കലാഭവൻ മണിയുടെ വേർപാടുമായി ബന്ധപ്പെട്ട് പല വിഷയങ്ങളിലും ജാഫർ ഇടുക്കിയുടെ പേര് ഉയർന്നുവന്നിരുന്നു. മനസ്സ് തുറക്കുകയാണ് ജാഫർ ഇടുക്കി.

മനംമടുത്ത് അഭിനയം പോലും ഉപേക്ഷിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഒന്നരവർഷത്തോളം സ്റ്റേജ് ഷോകളും സിനിമയും ഇല്ലാതെ വിഷാദം സഹിക്കാനാവാതെ മുറിക്കുള്ളിൽ തന്നെ അടച്ചിരുന്നു. “കട്ടപ്പനയിലെ ഋതിക് റോഷൻ” എന്ന സിനിമയാണ് രണ്ടാം ജന്മം നൽകിയതെന്ന് അദ്ദേഹം പറയുന്നു. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു ജാഫർ ഇടുക്കി തന്റെ മനസ്സ് തുറന്നത്.കലാഭവൻ മണിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്ന് അറിയാമായിരുന്നു. ഇത്തരം വാർത്തകൾ കേട്ട് തെറ്റിദ്ധരിച്ച് അവർ തന്നെ എന്തെങ്കിലും ചെയ്യുമോ എന്ന് ഭയന്ന് പുറത്തിറങ്ങാൻ പോലും പേടിയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. നുണ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നു. ഇത്തരം ആരോപണങ്ങൾ കാരണം തന്റെ കുടുംബവും ഒരുപാട് അപമാനിക്കപ്പെട്ടു എന്ന് ജാഫർ ഇടുക്കി പറയുന്നു.

ജാഫർ ഇടുക്കിയുടെ തറവാട്ടിലെ മുതിർന്നവർ പള്ളിയിലെ മുസ്ലിയാർമാരാണ്. മനസ്സിൽ പോലും ഓർക്കാത്ത കാര്യത്തിന് അവർക്കും ഒരുപാട് അപമാനവും വേദനയും അനുഭവിക്കേണ്ടിവന്നു. നന്നായി ജീവിക്കേണ്ടതിനെക്കുറിച്ച് അവർ പള്ളിയിൽ പ്രസംഗിക്കുമ്പോൾ നിങ്ങളുടെ കുടുംബത്തിലെ ജാഫറിനെ കുറിച്ച് ഇങ്ങനെ കേൾക്കുന്നുണ്ടല്ലോ എന്ന് തിരിച്ചു ചോദിച്ചു അവരെ പരിഹസിക്കുമായിരുന്നു ആളുകൾ. ഒടുവിൽ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ല എന്ന് ജാഫർ ഇടുക്കി തീരുമാനിക്കുകയായിരുന്നു. ഒന്നരവർഷക്കാലം സിനിമയിൽ നിന്നും സ്റ്റേജുകളിൽ നിന്നും മാറിനിന്ന് ഒറ്റയ്ക്ക് മുറിക്കുള്ളിൽ അടച്ചിരുന്നു. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ കാലത്തെ വീട്ടിലിരിപ്പ് ഒട്ടും ബോറടിക്കുന്നു ഇല്ല എന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം കോട്ടയം നസീറിന്റെ വീട്ടിൽ പോയപ്പോൾ അവിടെ മണി ഭായിയുടെ ഒരു ചിത്രം വരച്ചത് കണ്ടു. മണി ഭായ് എന്നാണ് ജാഫർ ഇടുക്കി അദ്ദേഹത്തിനെ വിളിക്കാറ്. ജീവനുള്ള ആ ചിത്രം കണ്ടപ്പോൾ പഴയതെല്ലാം ഓർമ്മ വന്നു കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. കലാഭവൻ മണി ആണ് ജാഫർ ഇടുക്കിയെ സിനിമയിലെത്തിച്ചത്. മിമിക്രിയിൽ ഉള്ള കാലം മുതലുള്ള ആ ബന്ധം പിന്നീട് അദ്ദേഹത്തിന്റെ അവസാനം വരെ തുടരുകയായിരുന്നു. പല മെഗാ ഷോകളിലും ഇവർ ഒരുമിച്ചിരുന്നു. അവസാനമായി കലാഭവൻ മണിയെ കണ്ട നിമിഷങ്ങൾ ഓർത്തെടുത്തു ജാഫർ ഇടുക്കി.

സാധാരണ കാണുന്നതിനേക്കാൾ ഏറെ സന്തോഷവും പൊട്ടിച്ചിരിയും ആയിരുന്നു അന്ന്. അടുത്ത ദിവസം ജാഫർ ഇടുക്കിക്ക് ഒരു സിനിമയുടെ ചിത്രീകരണം ഉള്ളതിനാൽ പെട്ടെന്ന് പോകുവാൻ മണി നിർബന്ധിക്കുകയായിരുന്നു. എന്നാൽ ഇതിനുശേഷം കേൾക്കുന്നത് മണിയുടെ വേർപാടാണ്. ആത്മ മിത്രത്തിന്റെ വിയോഗത്തിൽ താൻ അനുഭവിച്ച മാനസിക സംഘർഷം വളരെ വലുതായിരുന്നു എന്നും ആരോപണങ്ങളും എല്ലാം കാരണം ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റിയില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി. മണിയുടെ വേർപാട കഴിഞ്ഞ് “തോപ്പിൽജോപ്പൻ” സെറ്റിലേക്ക് ചെല്ലുമ്പോൾ അവിടെ നിന്നും ഓരോ ചോദ്യങ്ങൾ ഉയർന്നു. സഹിക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോൾ സെറ്റിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു എന്ന് ജാഫർ ഇടുക്കി പറയുന്നു.

സ്ഥിരം ഹാസ്യ വേഷങ്ങളും ആയി മുന്നോട്ടു പോയപ്പോഴായിരുന്നു “മഹേഷിന്റെ പ്രതികാരം” എന്ന സിനിമയിലെ കഥാപാത്രം ലഭിക്കുന്നത്. സിനിമയിൽ ജാഫർ ഇടുക്കി ഒരു ഘടകമായി എന്ന് തോന്നിയിരുന്നു കാലഘട്ടത്തിലായിരുന്നു വിവാദങ്ങളെല്ലാം ഉണ്ടാകുന്നത്. ഒന്നര വർഷത്തോളം ജോലി എല്ലാം ഉപേക്ഷിച്ചു മുറിക്കുള്ളിൽ തന്നെ അടച്ചിട്ടിരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയിരിക്കുമ്പോഴാണ് നാദിർഷ ഒരു ഷോയ്ക്ക് വേണ്ടി ആണെന്ന് പറഞ്ഞ് അമ്പതിനായിരം രൂപ നൽകിയത്. പക്ഷേ അത് തന്നെ സഹായിക്കാനാണെന്ന് ജാഫർ ഇടുക്കിക്ക് മനസ്സിലായി. അന്ന് സഹായിക്കാൻ വേണ്ടിയല്ലേ ആ പണം നൽകിയതെന്ന് നാദിർഷയോട് പിന്നീട് ചോദിച്ചപ്പോൾ അത് എന്റെ അടുത്ത സിനിമയുടെ അഡ്വാൻസ് ആയി കരുതിയാൽ മതി എന്ന് നാദിർഷ പറഞ്ഞു. അങ്ങനെയാണ് “കട്ടപ്പനയിലെ ഋതിക്റോഷൻ” ലേക്ക് ജാഫർ ഇടുക്കിയെ വിളിക്കുന്നത്. ആ സിനിമ ആണ് ജാഫർ ഇടുക്കിക്ക് രണ്ടാം ജന്മം നൽകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top