Movlog

Faith

ദിലീപുമായുള്ള അകൽച്ചയുടെ കാരണം പങ്കു വെച്ച് വിനയൻ

മലയാള സിനിമയിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള ചുരുക്കം ചില സംവിധായകരിൽ ഒരാൾ ആണ് വിനയൻ. “സൂപ്പർ സ്റ്റാർ” എന്ന സിനിമയിലൂടെ സിനിമാലോകത്തെത്തിയ വിനയൻ “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും”,”വെള്ളിനക്ഷത്രം”,”അത്ഭുതദ്വീപ് “,”അതിശയൻ” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ജയസൂര്യ, ഇന്ദ്രജിത്, അനൂപ് മേനോൻ, ഹണി റോസ്, പ്രിയാമണി, മണിക്കുട്ടൻ,മേഘ്ന രാജ് തുടങ്ങി നിരവധി സിനിമാതാരങ്ങളെ ആണ് വിനയൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഇപ്പോളിതാ ജനപ്രിയ നടൻ ദിലീപുമായുള്ള അകൽച്ചയെ കുറിച്ച് മനസ് തുറക്കുകയാണ് വിനയൻ.

വിനയൻ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. ദിലീപും വിനയനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ആറോളം സിനിമകളിൽ ആണ് ഇവർ ഒരുമിച്ചു പ്രവർത്തിച്ചത്. വിനയന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ “ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ” എന്ന സിനിമയിൽ ആദ്യം ദിലീപിനെ ആയിരുന്നു നായകൻ ആയി പരിഗണിച്ചിരുന്നത്. എന്നാൽ ദിലീപിന്റെ വാശി കാരണം അത് നടക്കാതെ പോവുകയായിരുന്നു. അങ്ങനെ ആണ് ജയസൂര്യ ആ സിനിമയിൽ നായകൻ ആവുന്നത്. അന്നത്തെ സംഭവങ്ങളെ ഓർത്തെടുത്ത് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുകയാണ് വിനയൻ.

മാധ്യമം ആഴ്ചപ്പതിപ്പിൽ ശ്രീ കലൂർ ഡെന്നീസ് എഴുതുന്ന ആത്മകഥയെ കുറിച്ച് ഒരു ഓൺലൈൻ ന്യൂസിലൂടെ ആണ് വിനയൻ അറിയുന്നത്. അദ്ദേഹത്തിന്റെ ഇത്തവണത്തെ അധ്യായം വായിച്ചപ്പോൾ 19 വർഷങ്ങൾ പിന്നോട്ടേക്ക് പോവുകയായിരുന്നു വിനയനും. സീരിയലുകളിലും സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്ത ജയസൂര്യ,”ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ” എന്ന സിനിമയിലെ നായകൻ ആയെത്തിയത് ചിലരുടെ വാശി കൊണ്ട് മാത്രമാണ്.

“കല്യാണസൗഗന്ധികം” മുതൽ “രാക്ഷസരാജാവ്” വരെയുള്ള സിനിമകളിൽ ഒരുമിച്ചു പ്രവർത്തിച്ച് ഒരു സഹോദരനെ പോലെ വിനയൻ സ്നേഹിച്ച വ്യക്തി ആയിരുന്നു ദിലീപ്. വളരെ ആത്മാർത്ഥമായി വിനയൻ കണ്ടിരുന്ന ആ ബന്ധത്തിൽ ചെറിയ അകൽച്ച ഉണ്ടാവാനുള്ള കാരണം ആണ് ഡെന്നീസിന്റെ അധ്യായം വിനയനെ ഓർമിപ്പിച്ചത്.

സൂപ്പർതാരങ്ങൾ ഒന്നുമില്ലാതെ വിനയന്റെ “ആകാശഗംഗ”, “ഇൻഡിപ്പെൻഡൻസ്”, “കരുമാടിക്കുട്ടൻ”, “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും” എന്നീ സിനിമകൾ സൂപ്പർഹിറ്റ് ആയിരുന്ന സമയമായിരുന്നു അത്. വമ്പൻ സിനിമകൾ നിർമിച്ച് സാമ്പത്തികമായി തകർന്നു നിൽക്കുകയായിരുന്നു നിർമാതാവ് പി കെ ആർ പിള്ള അന്ന്.

അങ്ങനെയാണ് ഒന്നു പിടിച്ചുനിൽക്കാൻ ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ല എന്റെ അടുത്ത് പിള്ള ചേട്ടനും തിരക്കഥാകൃത്ത് ഡെന്നീസ് വരുന്നത്. മമ്മൂട്ടിയെ നായകനാക്കി “രാക്ഷസരാജാവ്” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും അതുകഴിഞ്ഞ് തമിഴ് ചിത്രമായ “കാശി” ചിത്രീകരിക്കേണ്ട സമയമായിരുന്നു അത്. എന്നാൽ ഡെന്നിസ് ചേട്ടന്റെ നിർബന്ധം കൊണ്ട് മാത്രം ആ സിനിമ ചെയ്യാൻ പിള്ളച്ചേട്ടനിൽ നിന്നും വിനയൻ അഡ്വാൻസ് വാങ്ങി.

കലൂർ ഡെന്നീസുമായി വിനയൻ സിനിമകളൊന്നും ചെയ്തിട്ടില്ലായിരുന്നു എങ്കിലും വളരെ നല്ല സൗഹൃദമായിരുന്നു അവർക്കിടയിൽ. പിന്നീടാണ് ദിലീപിനോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും ദിലീപിനെയും കാവ്യയെയും വെച്ച് ആ സിനിമ പിള്ള ചേട്ടന് വേണ്ടി ചെയ്യാമെന്ന് വിനയൻ പറഞ്ഞത്. പിള്ളേച്ചേട്ടൻ സമ്മതിച്ചതോടെ ദിലീപിന് ഒരു ലക്ഷം രൂപ അഡ്വാൻസായി നൽകി.

എന്നാൽ പിന്നീടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്രീ കലൂർ ഡെന്നിസ് ആണെന്ന് ദിലീപ് അറിയുന്നത്. അങ്ങനെയൊരിക്കൽ ഭാര്യ മഞ്ജുവുമായി ദിലീപ് തന്റെ വീട്ടിലെത്തി ഈ കാര്യം സംസാരിച്ചു. നല്ല കഥയാണെന്നും എന്നാൽ കലൂർ ഡെന്നിസ് തിരക്കഥയെഴുതിയാൽ ശരിയാകില്ലെന്ന് ദിലീപ് പറഞ്ഞു. മമ്മൂട്ടി ,മോഹൻലാൽ, ജയറാം എന്നിവരെ വച്ച് ധാരാളം ഹിറ്റ് സിനിമകൾക്ക് തിരക്കഥ എഴുതിയ ആളാണ് കലൂർ ഡെന്നീസ്.

വിനയൻ വാക്കുകൊടുത്തു പോയി എന്ന് പറഞ്ഞിട്ടും ദിലീപ് വാശി പിടിച്ചു. ഡെന്നീസ് ചേട്ടനോട് ഒരു ദേഷ്യവും ഇല്ല വിനയേട്ടാ പക്ഷേ ഡെന്നീസ് ചേട്ടന്റെ പങ്കാളിത്തം ഉണ്ടായാൽ ആ സിനിമ ഓടില്ല എന്നായിരുന്നു ദിലീപ് പറഞ്ഞത്. അദ്ദേഹത്തിന്റെ ചില സിനിമകളുടെ പരാജയം ചൂണ്ടിക്കാണിച്ചാണ് ദിലീപ് ഇത് പറഞ്ഞത്.

എന്നാൽ ദിലീപിൻറെ ചിത്രങ്ങളും പരാജയപ്പെടുന്നില്ലേ എന്ന് വിനയൻ ചോദിച്ചു. എന്നിട്ടും ദിലീപ് തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് മനസ്സിലായപ്പോൾ ദിലീപിനെക്കാൾ ഈ സിനിമ വിജയിക്കണം എന്ന ആവശ്യം തനിക്കാണെന്നും എന്നാൽ അതിനുവേണ്ടി വാക്ക് മാറ്റാൻ തയ്യാറല്ല എന്നും വിനയൻ പറഞ്ഞു. നിർമാതാവ് കഴിഞ്ഞാൽ ഒരു സിനിമയുടെ ക്യാപ്റ്റൻ സംവിധായകൻ ആണെന്നും തിരക്കഥാകൃത്തിനെയും, ക്യാമറാമാനെയും, നായികയെയും ഒക്കെ തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ ചുമതല ആണെന്നും വിനയൻ ദിലീപിനെ ഓർമ്മിപ്പിച്ചു.

ഡെന്നീസ് ചേട്ടനെ ഈ സിനിമയിൽ നിന്നും മാറ്റാൻ കഴിയാത്തതിനാൽ വളരെ വിഷമത്തോടെ ദിലീപിനോട് സിനിമയിൽ നിന്നും മാറാൻ പറയുകയായിരുന്നു വിനയൻ. നമുക്ക് അടുത്ത സിനിമ ചെയ്യാമെന്ന് വിനയൻ പറഞ്ഞപ്പോൾ ദിലീപ് പൊട്ടി ചിരിക്കുകയായിരുന്നു. പിന്നെ വിനയേട്ടൻ ആരെ വെച്ച് ചെയ്യും എന്ന് ദിലീപ് ചോദിച്ചു. വളരെ പ്രസക്തമായ ഒരു ചോദ്യം ആയിരുന്നു അത്.

കാരണം നർമ്മവും സെന്റിമെൻസ് നിറഞ്ഞ ആ ഊമയുടെ വേഷം ചെയ്യാൻ മലയാള സിനിമയിൽ അന്ന് ദിലീപ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. “പഞ്ചാബി ഹൗസും”,” ഈ പറക്കും തളിക”, “ഇഷ്ടം” ഒക്കെ തകർത്തോടിയ സമയമായിരുന്നു അത്. എന്നാൽ ഒരു സംവിധായകൻ വ്യക്തിത്വം ബലി ആക്കികൊണ്ട് നായകന്റെ ആജ്ഞ അനുസരിക്കുന്നതിനേക്കാൾ നല്ലത് സിനിമ ചെയ്യാതിരിക്കുന്നതാണ് എന്ന് വിനയൻ ചിന്തിച്ചു.

അങ്ങനെ ദിലീപിന് കൊടുത്ത അഡ്വാൻസ് തുക തിരിച്ചു വാങ്ങി. തൊട്ടടുത്ത ദിവസമാണ് എസിവിയിൽ പ്രോഗ്രാം അവതരിപ്പിക്കുന്ന വെളുത്ത് മെലിഞ്ഞ ഒരു പയ്യനെ കാണുന്നത്. ആ പയ്യനെ തന്റെ കഥാപാത്രമായി മാറ്റിയാലോ എന്ന് വിനയൻ ചിന്തിച്ചു. അങ്ങനെയാണ് ജയസൂര്യ ആ സിനിമയിലെ നായകനായെത്തുന്നത്. പിന്നീടങ്ങോട്ടുള്ള ജയസൂര്യയുടെ അർപ്പണബോധവും പരിശ്രമം ഒക്കെ ജയസൂര്യയെ വലിയ നിലയിൽ എത്തിച്ചെങ്കിലും ജയസൂര്യ ഇന്ന് കാണുന്ന താരപദവിയിലേക്ക് ഉയരാൻ കാരണം അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പ്രാർത്ഥന ആണെന്ന് വിനയൻ പറയുന്നു.

ജയസൂര്യ ആയിരിക്കും ചിത്രത്തിലെ നായകൻ എന്ന് അറിഞ്ഞ നിമിഷത്തിലെ അവരുടെ ആനന്ദക്കണ്ണീർ ഞാൻ കണ്ടതാണ് എന്ന് വിനയൻ പറയുന്നു. നന്ദിയും സ്നേഹവും എന്നും മനസ്സിൽ സൂക്ഷിക്കണമെന്നും അതിനുവേണ്ടി ചില തോൽവികൾ ഏറ്റു വാങ്ങേണ്ടി വന്നാലും അതിൽ നന്മ ഉണ്ടെന്നും വിനയൻ കുറിച്ചു. വലിയ നന്മ മരം ഒന്നും ആകാൻ കഴിഞ്ഞില്ലെങ്കിലും തികഞ്ഞ സ്വാർത്ഥർ ആകാതിരിക്കാൻ എങ്കിലും ശ്രമിക്കുക എന്നും അദ്ദേഹം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു. വിനയന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top