Faith

ചേച്ചിയെ ദൈവമായി കണ്ട ഒരു അനിയന്റെ ഫേസ്‌ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

പരസ്പരം വഴക്കിടുമെങ്കിലും ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രതിസന്ധി ഘട്ടം ഉണ്ടാകുമ്പോൾ മറ്റാരും ഇല്ലെങ്കിലും നമ്മുടെ കൂടെപ്പിറപ്പുകൾ എന്നും നമുക്കൊപ്പം തന്നെ ഉണ്ടാകും. സഹോദരങ്ങളിൽ മൂത്തത് ഒരു ചേച്ചി ആണെങ്കിൽ അമ്മയുടെ സ്ഥാനത്തിൽ ആയിരിക്കും ആ ചേച്ചി കൂടപ്പിറപ്പുകളെ ശ്രദ്ധിക്കുക. അത്തരത്തിൽ ചേച്ചി അമ്മയായി തന്റെ ജീവന്റെ ജീവനായ ചേച്ചിയുടെ സ്നേഹത്തിന്റെ കഥയാണ് ഒരു അനിയൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ലുക്കീമിയ ബാധിച്ച അനിയനൊപ്പം കല്ലുപോലെ ഉറച്ചുനിന്നു താങ്ങും തണലുമായി നിന്ന ആ ചേച്ചിക്കുള്ള കയ്യടിയാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. പരിശുദ്ധമായ ഇവരുടെ സഹോദര സ്നേഹത്തിന്റെ കുറിപ്പ് വൈറലായിരിക്കുകയാണ്. 2018ൽ വരണ്ട ചുമയെ തുടർന്നാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. ചെറിയ ഇൻഫെക്ഷനോ കാലാവസ്ഥയുടെ പ്രശ്നമോ ആയിരിക്കും എന്ന് കരുതി ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തി. എന്നാൽ വിശദമായ പരിശോധനയിൽ ആണ് ലുക്കിമിയ സ്ഥിരീകരിച്ചത്. ഇതുകേട്ട യുവാവ് ആകെ തകർന്നു പോയി.

അധികം ആയുസ്സില്ല എന്ന തോന്നൽ യുവാവിനെ വേട്ടയാടാൻ തുടങ്ങി. ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ മാതാപിതാക്കളോട് ജീവിതം അവസാനിക്കാൻ പോകുന്നു എന്ന ചിന്ത പങ്കുവെച്ചു. ഇത് കേട്ടതും അവർ ഓടിയെത്തി മകനെ നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരനെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ചേച്ചി എത്തിയെങ്കിലും കണ്ണിൽ നിന്നും കണ്ണുനീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു. പിന്നീടങ്ങോട്ട് ദിവസവും 24 മണിക്കൂറും അനിയന് ഒപ്പം തന്നെ ഉണ്ടായിരുന്നു ആ ചേച്ചി. ജീവിതത്തിൽ വേദനകൾ അധികം അനുഭവിച്ചിട്ടില്ലാത്ത യുവാവിന് ഓരോ തവണ കീമോതെറാപ്പി ചെയ്യുമ്പോഴും സഹിക്കാൻ പറ്റാത്ത വേദന അനുഭവപ്പെടും ആയിരുന്നു. വേദന കടിച്ചമർത്തി കരച്ചിലടക്കി ഇടയ്ക്കിടയ്ക്ക് ശർദ്ദിച്ചു കൊണ്ടിരുന്നു. ഇതെല്ലാം കണ്ട് പൊട്ടിക്കരയാൻ മാത്രമേ ചേച്ചിക്ക് കഴിയുമായിരുന്നുള്ളൂ. ചികിത്സയുടെ അടുത്തഘട്ടത്തിൽ എത്തിയപ്പോഴാണ് മുടിയെല്ലാം പോയി കഷണ്ടി ആവാൻ തുടങ്ങിയത്. യുവാവിനെ സംബന്ധിച്ചിടത്തോളം ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

സമാധാനിപ്പിക്കാൻ വന്ന ചേച്ചിയെ പോലും ആട്ടിയോടിച്ചു. എത്രയൊക്കെ ദേഷ്യപ്പെട്ടാലും തന്നെ കൈവിടാതെ, ഞാൻ ഉണ്ട് എന്ന് ചേച്ചി പറയുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു യുവാവിന് ലഭിച്ചിരുന്നത്. മുടി പോയ വിഷമത്തിൽ ഇരിക്കുമ്പോഴായിരുന്നു അനിയനെ ഞെട്ടിച്ച ഒരു സംഭവം ഉണ്ടായത്. തനിക്കു വേണ്ടി ചേച്ചിയും തലമൊട്ടയടിച്ചു മുന്നിൽ നിൽക്കുന്നു. നീ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചു സഹോദരൻ കരഞ്ഞുപോയി. അനിയന് ഇല്ലാത്തത് എനിക്കും വേണ്ട എന്ന് പറഞ്ഞു ആ സഹോദരി അനിയനെ കെട്ടിപിടിച്ചു കരഞ്ഞു. ചികിത്സയിലുടനീളവും അല്ലാതെയും ചേച്ചി എപ്പോഴും അനിയന് ഒപ്പമുണ്ടായിരുന്നു. ഒന്നു ചുമച്ചാൽ ചാടി എഴുന്നേൽക്കാനും ഒന്നു കരഞ്ഞാൽ തലോടി ഉറക്കാനും പേടിപ്പിക്കുന്ന ചിന്തകൾ വന്നാൽ എപ്പോഴും സന്തോഷങ്ങൾ നൽകുന്ന കാര്യങ്ങൾ പറയുവാനും ചേച്ചി ഒപ്പം തന്നെ ഉണ്ടായിരുന്നു.

അടുത്ത ദീപാവലി ആവുമ്പോഴേക്കും ചികിത്സ നിർത്താം എന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. അതുകഴിഞ്ഞ് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനാണ് യുവാവിന്റെ ആഗ്രഹം. എല്ലാത്തിനും ഒപ്പമുണ്ടായിരുന്ന ചേച്ചി തന്നെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോൾ ആർക്കാണ് ആദ്യം മുടി കിളിർക്കുക എന്നൊരു മത്സരമാണ് ഇവർക്ക് തമ്മിൽ നടക്കുന്നത്. ഈ മത്സരത്തിൽ ആര് ജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും ഒരു ചേച്ചി എന്ന നിലയിലും ‘അമ്മ എന്ന നിലയിലും തന്റെ സഹോദരി വിജയിച്ചു കഴിഞ്ഞു എന്ന് അനിയൻ കുറിപ്പിലൂടെ പങ്കു വെച്ചു. ഇങ്ങനെ ഒരു ചേച്ചി ഉണ്ടെങ്കിൽ ഒരു പ്രതിസന്ധിയിലും ആരും തളരില്ല എന്ന് യുവാവ് കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top