Movlog

India

കോവിഡ് 19 കൊണ്ടുപോയത് ജനപ്രിയ താരങ്ങളെ – കണ്ണീരോടെ വിട !

ഡിസംബർ 2019ൽ ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു വൈറസ് ആണ് കൊറോണ വൈറസ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്ന കോറോണവൈറസ് ചൈനയിൽ നിന്നും പടർന്നു ലോകമെമ്പാടും ഭീതി പരത്തുകയായിരുന്നു. 2019ൽ ആരംഭിച്ച ഈ മഹാമാരിയെ 2021 ലും നിയന്ത്രിക്കാൻ സാധിക്കാത്തത് മനുഷ്യരെ ആശങ്കപ്പെടുത്തുകയാണ്. ഒരു വർഷത്തിലേറെ ഉള്ള പ്രയത്നങ്ങൾക്ക് ശേഷമാണ് ഈ അസുഖത്തിനുള്ള വാക്സിൻ കണ്ടു പിടിച്ചത്. വാക്സിൻ വിതരണം നടക്കുന്നുണ്ടെങ്കിലും കോവിഡ് 19ന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തന്നെ വ്യാപിക്കുകയാണ്. ജനിതക മാറ്റം വന്ന കൊറോണ വൈറസ് പൊതുജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തുകയാണ്. രോഗവ്യാപനം തടയാൻ വേണ്ടി സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തിൽ കോവിഡ് 19ന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ,മരണ നിരക്കും ഉയർന്നു വരികയാണ്. ലോകത്തിൽ 32 ലക്ഷത്തിലേറെ മരണം ആണ് ഈ മഹാമാരി കാരണം സംഭവിച്ചത്. പലയിടങ്ങളിലും കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്ന കാഴ്ചയാണ് കാണുന്നത്. ആശുപത്രി കിടക്കകളും, ഓക്സിജൻ സിലിണ്ടറുകളും, വെന്റിലേറ്ററുകളും ഒന്നും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ പല സംസ്ഥാനങ്ങളും നേരിടുന്നത്. മാസ്ക് ധരിച്ചും, സാമൂഹ്യ അകലം പാലിച്ചും, കൃത്യമായി സാനിറ്റൈസ് ചെയ്തും സ്വന്തം സുരക്ഷാ ആളുകൾ ഉറപ്പു വരുത്തണം. വൈറസ് നമുക്ക് ചുറ്റും തന്നെ ഉണ്ട് എന്ന് ഇപ്പോഴും ഓർമ വേണം.

ഒരുപാട് സിനിമാതാരങ്ങളും കോവിഡിന് കീഴടങ്ങി ഈ ലോകത്തോട് വിട പറഞ്ഞിട്ടുണ്ട്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന തമിഴ് നടൻ പാണ്ഡു കോവിഡ് ബാധിച്ചു വിട വാങ്ങി. തമിഴകത്തെ സൂപ്പർതാരങ്ങളായ ദളപതി വിജയ്ക്കൊപ്പം, സൂര്യയോടോപ്പം ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പാണ്ഡു കോവിഡ് ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 74 വയസായിരുന്നു താരം “പോക്കിരി”, “ഗില്ലി”, “സിംഗം”, “മാനവൻ” തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ കുമുദവും കോവിഡ് ബാധിച്ച് അതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. താരത്തിന്റെ വിയോഗം സിനിമാ ലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

എൺപതുകളിൽ ബോളിവുഡിൽ സജീവസാന്നിധ്യമായിരുന്ന നടി ശ്രീപദയാണ് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരു താരം. വിനോദ് ഖന്ന, ധർമേന്ദ്ര തുടങ്ങിയ ബോളിവുഡ് നടൻമാർക്കൊപ്പം അഭിനയജീവിതമാരംഭിച്ച ശ്രീപദ, “ഷോലെ”, “ബെവഫാ സമ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടിയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഭോജ്പുരി, മറാത്തി, ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ അഭിലാഷ പാടീലും കോവിഡിനെ തുടർന്ന് വിടവാങ്ങി. 40 വയസ്സ് മാത്രം പ്രായമുള്ള താരം വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ ഏറെ ശ്രദ്ധേയമാവുകയായിരുന്നു. സുശാന്ത് സിങ് രാജ്പുത് നായകനായ “ചിച്ചോരെ”യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയയായ അഭിലാഷ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും വ്യാഴാഴ്ച പുലർച്ചെ താരം ഈ ലോകത്തോട് വിട വാങ്ങുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top