Movlog

Health

ജീവിക്കണമെന്നുള്ള ആഗ്രഹവും പൊരുതാനുള്ള മനസും കൊണ്ട് ക്യാൻസറിനെ അതിജീവിച്ച ജോസ്‌നയുടെ കഥ

മകൾക്ക് കാൻസർ ആണെന്ന് അറിഞ്ഞ് നിറകണ്ണുകളോടെ മകൾക്ക് മുന്നിൽ നിസഹായരായി ജോസ്‌നയുടെ മാതാപിതാക്കൾ നിൽക്കുമ്പോൾ ജോസ്‌നയ്ക്ക് പ്രായം വെറും 24 വയസ്. എന്നാൽ രോഗത്തിന്റെ വേദനയും തളർച്ചയും തന്റെ ജീവിതത്തെ ബാധിക്കാത്ത വിധം കാൻസറിനോട് പൊരുതി മുന്നേറുകയാണ് ജോസ്‌ന. ബംഗളുരുവിൽ ഒറ്റക്ക് നിന്ന് ക്യാൻസറിനെ മല്ലിടുന്ന ജോസ്‌ന ചികിത്സയ്‌ക്കൊപ്പം യാത്രകളും, നൃത്തവും, മോഡലിംഗും ചെയ്യുന്നുണ്ട്. ജീവിക്കണമെന്നുള്ള ആഗ്രഹവും പൊരുതാനുള്ള മനസും ആണ് കാൻസറിനുള്ള മരുന്ന് എന്ന് തന്റെ ജീവിതം കൊണ്ട് തെളിയിക്കുകയാണ് ജോസ്‌ന എന്ന പോരാളി.

പലപ്പോഴും ശരീരം ലക്ഷണങ്ങൾ കാണിക്കുമ്പോൾ അത് അവഗണിക്കുമ്പോഴാണ് കാൻസർ അപകടകരമായ ഘട്ടങ്ങളിലേക്ക് കടക്കുന്നത്. ആദ്യ ഘട്ടങ്ങളിൽ തന്നെ കണ്ടു പിടിക്കുകയാണെങ്കിൽ മറ്റേത് രോഗം പോലെ ഭേദപ്പെടുത്താവുന്ന ഒന്ന് തന്നെയാണ് കാൻസർ. കുളിക്കുമ്പോൾ ആയിരുന്നു ജോസ്‌നയ്ക്ക് ബ്രെസ്റ്റിൽ ഒരു തടിപ്പ് ഉള്ളതായി അനുഭവപ്പെട്ടത്. ജോസ്‌നയുടെ അമ്മയ്ക്കും അത് പോലെ ഉണ്ടെന്നു പറഞ്ഞപ്പോൾ ആദ്യം ‘അമ്മയെ ആയിരുന്നു ഡോക്ടറെ കാണിച്ചത്. അമ്മയ്ക്ക് പേടിക്കാനൊന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ ആ സമയത്ത് ജോസ്‌ന ഡോക്ടറെ കാണിച്ചിരുന്നില്ല. പിന്നീട് ആ മുഴ വളരുന്നത് പോലെ അനുഭവപ്പെട്ടപ്പോൾ ആണ് ജോസ്‌ന അച്ഛനുമൊത്ത് ആർ സി സിയിലെ ഡോക്ടറെ കാണിക്കാൻ പോയത്. 24 വയസ് മാത്രം പ്രായമുള്ള ജോസ്‌നയുടെ മുഖത്ത് നോക്കിയാണ് ആ ഡോക്ടർ ജോസ്‌നയ്ക്ക് ബ്രെസ്റ്റ് കാൻസർ ആണെന്നും ബ്രെസ്റ്റ് ഉടൻ തന്നെ നീക്കം ചെയ്യണമെന്നും നിഷ്കരുണം പറഞ്ഞത്.

യാതൊരു മയമില്ലാത്ത ആ ഡോക്ടറുടെ വാക്കുകൾ ജോസ്‌നയെയും അച്ഛനെയും തളർത്തി. മറ്റൊരു ഡോക്ടറുടെ ഉപദേശം കൂടി സ്വീകരിക്കാമെന്ന് കരുതി ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിലേക്ക് അവർ പോയി. ബ്രെസ്റ്റ് നീക്കം ചെയ്യാതെയുള്ള ചികിത്സയാണ് അവിടുത്തെ ഡോക്ടർ നിർദേശിച്ചത്. കാൻസർ കോശങ്ങളെ വലിച്ചെടുത്ത് ഫാറ്റ് റീഫിൽ ചെയ്യുന്ന രീതിയായിരുന്നു അത്. കീമോ ചെയ്യാൻ ജോസ്‌ന ഒരുക്കമായിരുന്നില്ല. കീമോയുടെ പേടിപ്പെടുത്തുന്ന അനുഭവങ്ങൾ മറ്റു രോഗികൾ പറഞ്ഞു കേട്ടതിനാൽ കീമോ ചെയ്യില്ലെന്ന് ജോസ്‌ന ആദ്യമേ തീരുമാനിച്ചിരുന്നൂ. ഒരു ഇടത്തരം കുടുംബത്തെ തകർക്കാൻ പോകുന്ന ചിത്സ ചിലവിനെ കുറിച്ച് ഓർത്തപ്പോൾ, കീമോയ്ക്ക് ശേഷം മുടി കൊഴിഞ്ഞു ശരീരം തളർന്ന് കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ആവാത്ത ചിന്ത ജോസ്‌നയെ കീമോ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. കൃത്യമായ ചികിത്സയും മരുന്നും ചെക്കപ്പും എടുത്ത് നാല് വർഷത്തോളം ജോസ്‌ന മുന്നോട്ട് പോയി. ക്യാൻസറിനെ അതിജീവിച്ചു തുടങ്ങുമ്പോഴാണ് 28 മത്തെ വയസിൽ ജോസ്‌നയുടെ നെഞ്ചിൽ വീണ്ടും മുഴകൾ വന്ന് തുടങ്ങിയത്.

ഇത്തവണ കീമോ കൂടാതെ രക്ഷയില്ലാത്ത അവസ്ഥ ആയി. ഒടുവിൽ ഒരുപാട് ആശുപത്രികളിൽ അന്വേഷിച്ച് ബംഗളുരുവിലെ ഒരു ആശുപത്രിയിൽ തുടർ ചികിത്സ ചെയ്യാൻ ജോസ്‌ന ഉറപ്പിച്ചു. വീട് വിട്ടു മാതാപിതാക്കൾ എത്രകാലം തന്റെ ചികിത്സയ്ക്കായി കൂടെ വരുമെന്ന ചിന്ത ജോസ്‌നയെ മറ്റൊരു തീരുമാനത്തിലേക്ക് എത്തിച്ചു. ഇനിയുള്ള ചികിത്സ ഒറ്റയ്ക്ക് മതി എന്ന് ജോസ്‌ന വാശി പിടിച്ചു. കീമോ ചെയ്യുമ്പോൾ മാത്രം ഒരാൾ വേണം എന്ന് നിർബന്ധം ആയതിനാൽ ജോസ്‌നയുടെ പപ്പ വരും. സുഹൃത്തുക്കളുടെയും ചില ട്രസ്റ്റുകളുടെയും സഹായം കൊണ്ട് ജോസ്‌നയുടെ ചികിത്സാചിലവുകൾ മുടങ്ങാതെ നടക്കുന്നുമുണ്ട്. കീമോ കൊണ്ട് മുടി പോകുന്നതിനു മുമ്പ് തന്നെ മൊട്ടയടിച്ച ജോസ്‌ന തീരുമാനിച്ചു. തല മുണ്ഡനം ചെയ്തു മൊട്ടത്തല കാണിച്ചു ആശുപത്രിയിൽ ഒറ്റക്ക് ചെക്കപ്പിന് പോയി കോണിപ്പടികൾ ഓടി കയറുമ്പോൾ രോഗിക്ക് ഒപ്പം വന്നതാണോ എന്ന് പലരും ചോദിക്കുമായിരുന്നു. ഞാൻ തന്നെ ആണ് രോഗി എന്ന് പറയുമ്പോൾ അവർ അമ്പരക്കും എന്ന് ജോസ്‌ന വെളിപ്പെടുത്തുന്നു.

കണ്ണീരും സഹതാപവും നമ്മളെ പിന്നോട്ടേക്ക് വലിപ്പിക്കും. കീമോയെ ഭയക്കരുത് എന്ന് തന്റെ ജീവിതം സമർപ്പിച്ച് പറയുകയാണ് ജോസ്‌ന. മറ്റുള്ളവരുടെ അനുഭവങ്ങൾ കേട്ട് കീമോ ഒരിക്കലും ചെയ്യില്ല എന്ന് വാശി പിടിച്ച ജോസ്‌ന ഇന്ന് നിരവധി കീമോകൾ ചെയ്തു വീട്ടിലെത്തി സ്വന്തമായി തന്റെ ജോലികൾ എല്ലാം ചെയ്യുന്നു. കാൻസർ കാരണം മനസ് തളരാതിരുന്നാൽ അത് മാത്രം മതി മുന്നോട്ടുള്ള ജീവിതത്തിനു കരുത്തേകാൻ എന്ന് സ്വന്തം ജീവിതം കൊണ്ട് ജോസ്‌ന കാണിച്ചു തരുന്നു. ഒരുപാട് കാൻസർ പോരാളികൾക്ക് പ്രചോദനം നല്കാൻ ആയി മോഡലിംഗ് രംഗത്തേക്കും ജോസ്‌ന ചുവട് വെച്ചു. തന്റെ ആശയം പങ്കു വെച്ചപ്പോൾ ഫോട്ടോഷൂട്ടിന് പണം ഒന്നും വേണ്ട ഈ ചിരി മാത്രം മതി എന്ന് ആയിരുന്നു ജോസ്‌നയോട് ഫോട്ടോഗ്രാഫർ ആയ രജീഷ് രാമചന്ദ്രൻ പറഞ്ഞത്.

കാൻസറിനോട് പൊരുതാനുള്ള കരുത്ത് പലർക്കും ഉണ്ടെങ്കിലും പലപ്പോഴും ചികിത്സാചിലവുകൾ ആണ് വില്ലൻ ആയി വരുന്നത്. തങ്ങളുടെ ചികിത്സാചെലവ് കാരണം കുടുംബം മുഴുവനും തെരുവിലിറങ്ങേണ്ടി വരുമെന്ന ചിന്ത അവരെ മരണത്തിനു കീഴടങ്ങാൻ വഴി വെക്കുന്നു. ഒരിക്കലും അവരെ ഭീരു എന്ന് വിളിക്കരുത് എന്ന് ജോസ്‌ന പറയുന്നു. പാലായിലെ ഒരു സാധാരണ കുടുംബത്തിൽ ജോസ്‌നയും വരുന്നത്. വലിയ സമ്പത്തൊന്നും ഉണ്ടായിട്ടല്ല പക്ഷെ ജീവിക്കാനുള്ള മോഹം ആണ് ജോസ്‌നയെ ഇതിനെല്ലാം പ്രേരിപ്പിച്ചത്. അങ്ങനെ ഒരു മോഹം ദൃഢമായി ഉണ്ടെങ്കിൽ ചേർത്തുപിടിക്കാൻ ദൈവം പല രൂപത്തിൽ പ്രത്യക്ഷപ്പെടും എന്ന് തന്റെ ജീവിതം കൊണ്ട് കാണിച്ചു തരുകയാണ് ജോസ്‌ന. സധൈര്യം മുന്നോട്ട് പോയാൽ കാൻസർ തോൽക്കും നമ്മൾ ജയിക്കും എന്ന് ജോസ്‌ന കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top