Movlog

Health

കൊറോണയെ വെല്ലും ബ്ലാക്ക് ഫംഗസ് ഭീതി കേരളത്തിലും പകരുന്നു ! ആശങ്ക പടർത്തി ബ്ലാക്ക് ഫംഗസ്

ഒന്നര വർഷത്തിലേറെ ആയി കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിൽ ശ്വാസംമുട്ടി കഴിയുകയാണ് ലോകജനത. രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ മറ്റൊരു ആശങ്ക ആയി മാറുകയാണ് ബ്ലാക്ക് ഫംഗസ് ബാധ. രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളിൽ അപകടകരമായി കണ്ടുവരുന്ന മ്യുകൊമൈക്കോസിസ് ആണ് ബ്ലാക്ക് ഫങ്കസ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ആണ് ഇതിന്റെ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്ന കോവിഡ് ബാധിച്ച പ്രമേഹരോഗികളിൽ മ്യുകൊമൈക്കോസിസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് എയിംസ് ഡയറക്ടർ രൺധീപ് ഗുലേറിയ വെളിപ്പെടുത്തി.

മണ്ണിലും വായുവിലും മാത്രമല്ല കഴിക്കുന്ന ഭക്ഷണത്തിൽ പോലും കാണപ്പെടുന്ന ഒന്നാണ് മ്യുകൊമൈക്കോസിസ്. കോവിഡിന് മുമ്പും ഈ രോഗം ഉണ്ടായിരുന്നുവെങ്കിലും അന്ന് അത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. സാധാരണ അവ അണുബാധയ്ക്കു കാരണമാകാറുമില്ല. എന്നാൽ ഇപ്പോൾ കോവിഡ് ആയതിനു ശേഷം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നാണ് എയിംസ് ഡയറക്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തിൽ ആശുപത്രികളോട് അണുബാധ നിയന്ത്രണ രീതികളുടെ പ്രോട്ടോക്കോളുകൾ പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 കാരണമുള്ള മരണനിരക്ക് ഉയർന്നു വരാൻ കാരണം ഫംഗസ്, ബാക്ടീരിയ പോലുള്ള അണുബാധകൾ ഇപ്പോൾ കൂടുതൽ കണ്ടു വരുന്നത് കൊണ്ട് തന്നെയാണ്. സ്റ്റിറോയ്‌ഡിന്റെ ദുരുപയോഗം ചെയ്യുന്നതാണ് ഇത്തരം അണുബാധയ്ക്ക് പിന്നിലെ പ്രധാന കാരണം. കോവിഡ് പോസിറ്റീവ് രോഗികളിലും പ്രമേഹരോഗികളിലും സ്റ്റിറോയ്ഡ് എടുക്കുന്നവരിലും ഫംഗസ് അണുബാധ വരാനുള്ള സാധ്യതകൾ കൂടുതലായതിനാൽ സ്റ്റിറോയിഡുകൾ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം.

എയിംസിൽ ഫംഗസ് അണുബാധയ്ക്കുള്ള ചികിത്സയിൽ കഴിയുന്ന 23 രോഗികളിൽ 20 പേർക്കും കോവിഡ് പോസിറ്റീവ് ആണ്. പല സംസ്ഥാനങ്ങളിലും ആയി അഞ്ഞൂറിലധികം മ്യുകൊമൈക്കോസിസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖം ,മൂക്ക്, കണ്ണ് തുടങ്ങി തലച്ചോറിനെ വരെ ഇത് ബാധിക്കും. കാഴ്ചശക്തി വരെ നഷ്ടപ്പെടാനും ശ്വാസകോശത്തിലേക്ക് വ്യാപിക്കാനും ഇത് കാരണമാകും. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്.

പ്രമേഹരോഗികളിലും രോഗപ്രതിരോധശേഷി ഇല്ലാത്തവരിലും ഉണ്ടാകുന്ന മുഖത്തിലെ ഒരു ഭാഗത്തുള്ള വേദനയും, മൂക്കൊലിപ്പ്, മൂക്കിൽ ഉണ്ടാകുന്ന തടസ്സവും, പല്ലു കൊഴിഞ്ഞു പോകുന്നതും, നീർവീക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യേകം നിരീക്ഷിക്കണമെന്ന് ഐസിഎംആർ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രമേഹവുമായി കൂടുതൽ ബന്ധപ്പെട്ട ഈ രോഗം കാഴ്ചയ്ക്ക് മങ്ങൽ, ഇരട്ട കാഴ്ച, നെഞ്ചുവേദന, ചുമ എന്നിവയ്ക്ക് കാരണമാകുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top