Movlog

Faith

നൊന്തു പ്രസവിക്കണമെങ്കിൽ നോർമൽ ഡെലിവറി ആകണം എന്ന് തന്നെയുണ്ടോ ? വയറു കീറി ആ ജീവനുവേണ്ടി എടുക്കുന്ന ത്യാഗങ്ങളെ പുച്ഛിക്കുന്നവരോട് പറയാൻ ഉള്ളത് – കുറിപ്പ്

പലപ്പോഴും സിസേറിയൻ കഴിഞ്ഞ അമ്മമാർക്ക് നേരിടേണ്ടിവരുന്ന ഒരുപാട് പരിഹാസങ്ങളും വേദനകളും ഉണ്ട്. നൊന്തു പ്രസവിക്കുന്ന നോർമൽ ഡെലിവറിയെ മാത്രം മഹത്വവൽക്കരിക്കുന്ന ഒരു പ്രവണത ആണ് നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്നത്. പ്രത്യേകിച്ചും പഴയ തലമുറയിൽ ഉള്ളവരാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. വേദന അറിയാതെയല്ലേ പ്രസവിച്ചത് എന്നും കീറിയെടുത്തതല്ലേ എന്നുള്ള പരാമർശങ്ങൾ ഒരു അമ്മയെ എത്രത്തോളം വേദനിപ്പിക്കും എന്ന് പറയുന്നവർ മനസ്സിലാക്കുന്നില്ല. സിസേറിയൻ എന്തോ നിസ്സാരമായ ഒന്നാണെന്ന മട്ടിലാണ് ഇവരുടെ പറച്ചിലുകൾ. എന്നാൽ തന്റെ സിസേറിയൻ അനുഭവങ്ങളിലൂടെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയാണ് ആവണി ജയപ്രകാശ്.

ആഴത്തിൽ ഒന്ന് കൈ മുറിഞ്ഞാൽ പോലും വേദന സഹിക്കാൻ പറ്റാത്ത ആളുകളാണ് നമുക്കിടയിൽ ഉള്ളത്. ആ മുറിവ് ഉണങ്ങുന്നതുവരെ നല്ല വേദന ഉണ്ടാകും. അപ്പോൾ പിന്നെ ഒരു കുഞ്ഞിനെ പുറത്തെടുക്കുവാൻ ആയി വയറു കീറി മുറിച്ചു തുന്നി ഇടുന്ന ഒരു അമ്മയുടെ അവസ്ഥ എന്തായിരിക്കും. സുഖപ്രസവത്തിന്റെ വേദന അറിഞ്ഞാൽ മാത്രമേ മാതൃവാത്സല്യം ഉണ്ടാവുമെന്ന പഴഞ്ചൻ ചിന്താഗതികളോട് മറുപടി പറയുകയാണ് ആവണി തന്റെ അനുഭവക്കുറിപ്പിലൂടെ. ജിഎൻപിസി എന്ന സമൂഹമാധ്യമ കൂട്ടായ്മയിലാണ് ആവണി തന്റെ അനുഭവം പങ്കുവെച്ചത്. സിസേറിയൻ ചെയ്ത അമ്മമാരോട് പുച്ഛമാണ് പൊതുവേ കണ്ടുവരുന്നത്. വേദന അറിയാതെ പ്രസവിച്ചു എന്ന ഒരു കാഴ്ചപ്പാടാണ് സിസേറിയനെ കുറിച്ച് എല്ലാവർക്കുമുള്ളത്.

വയർ കീറി മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തതിന് ശേഷം ഒരു ‘അമ്മ അനുഭവിക്കുന്ന വേദന എന്താണെന്ന് അവൾക്ക് മാത്രമേ അറിയൂ. സിസേറിയൻ കഴിഞ്ഞവരുടെ വേദന മറ്റൊരു സിസേറിയൻ കഴിഞ്ഞ അമ്മയ്ക്ക് മാത്രമേ മനസ്സിലാകു. എത്ര ലയറുകൾ കീറി ആണ് ഒരു കുഞ്ഞിനെ പുറത്തെടുക്കുന്നത് എന്ന് വെറുതെ ഒന്നു ചിന്തിച്ചു നോക്കണം. അതുമല്ലെങ്കിൽ യൂട്യൂബിൽ എങ്ങനെയാണ് സിസേറിയൻ എന്നൊന്ന് സെർച്ച് ചെയ്താൽ മതിയാവും. അത് കണ്ടുനിൽക്കാൻ പോലും പറ്റാത്തവരാണ് വേദനയില്ലാത്ത പ്രസവം അല്ലേ എന്ന് സിസേറിയനെ നിസ്സാരവൽക്കരിക്കുന്നത്.

സിസേറിയൻ നടത്തുന്നതിനു മുൻപ് നിറവയർ ഉള്ള ഗർഭിണിയെ വളച്ചു പിടിച്ചു നട്ടെല്ലിന് സൂചി കയറ്റിയാണ് അനസ്തേഷ്യ നൽകുന്നത്. ചിലർക്ക് അനസ്തേഷ്യയുടെ വേദന മാറാൻ തന്നെ ദിവസങ്ങളെടുക്കും. ചിലർക്കാണെങ്കിൽ അത് കാല കാലത്തോളം നടുവേദന ആയി നിലനിൽക്കും. സുഖപ്രസവം ആയാലും സിസേറിയൻ ആയാലും രണ്ടിനും അതിന്റെതായ പ്രയാസങ്ങളും വേദനകളും ഉണ്ട്. സുഖ പ്രസവക്കാർക്ക് വേദനകളിൽ നിന്നും പെട്ടെന്ന് വീണ്ടെടുത്ത് പഴയ അവസ്ഥയിലെത്താൻ സാധിക്കും. എന്നാൽ സിസേറിയൻ ചെയ്തവർക്ക് വേദനമാറാനും സ്റ്റിച്ചിനുള്ളിലെ കുത്തിപ്പറി മാറാനും തന്നെ ആഴ്ചകൾ എടുക്കും. അത് ഇൻഫെക്ഷൻ ആയാൽ മാസങ്ങളാകും. ഒന്ന് തിരിയാനോ എണീക്കാനോ കഴിയാതെ മറ്റൊരാളുടെ സഹായം തേടി എഴുന്നേൽക്കുകയും അതിനിടയിലൂടെ കുഞ്ഞിന്റെ കരച്ചിലും, പാലില്ലാത്ത പ്രശ്നങ്ങളും, ബ്ലീഡിങ്ങിന്റെ വേദനയും, പാൽ ഇറങ്ങിയിട്ടുള്ള വേദനയുമെല്ലാം ഒരുമിച്ചായിരിക്കും ഉണ്ടാവുക. ഈ വേദനകൾ എല്ലാം കടിച്ചമർത്തി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അമ്മയുടെ മുന്നിലേക്കാണ് സുഖപ്രസവം കഴിഞ്ഞിറങ്ങിയ മുതിർന്നവരുടെ പരിഹാസം. നീ വേദന അറിയാതെ അല്ലേ പ്രസവിച്ചത് എന്ന്.

അപ്പോൾ വേദന അറിഞ്ഞില്ലെങ്കിലും ആ മരവിപ്പ് മാറിവരുമ്പോൾ അനുഭവിക്കുന്ന വേദനകൾ അറിയാത്തതുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്. സുഖ പ്രസവത്തിന്റെ വേദന അറിയുന്ന അമ്മമാർക്ക് മാത്രമേ കുട്ടികളോട് ഹൃദയത്തിൽ നിന്നും സ്നേഹം ഉണ്ടാകുള്ളൂ എന്ന് അഭിപ്രായപ്പെടുന്ന ചിലരുമുണ്ട്. എന്നാൽ സിസേറിയൻ വേദന അനുഭവിക്കാത്തവർ ദയവു ചെയ്തു ഇത്തരം വർത്താനം പറയാതിരിക്കുക. എല്ലാ വേദനകളും അനുഭവിക്കുന്ന ഒരു അമ്മയ്ക്ക് ചില വാക്കുകൾ താങ്ങാൻ കഴിയില്ല. പ്രസവം കഴിഞ്ഞു എട്ടാം ദിവസമാണ് ആവണി തന്റെ അനുഭവം പങ്കുവയ്ക്കുന്നത്. നടക്കാൻ പോലും കഴിയാതെ വേദന കടിച്ചമർത്തി കഴിയുകയാണ് ആവണി. വേദന കാരണം കുഞ്ഞിനെ ഒന്ന് ലാളിക്കാൻ പോലും കഴിയുന്നില്ല. അതുകൊണ്ട് ഒരിക്കലും ഒരു സിസേറിയൻ കഴിഞ്ഞ അമ്മയോട് ഇത്തരം വർത്തമാനങ്ങൾ പറഞ്ഞു അവരെ വിഷാദരോഗത്തിലേക്ക് കടത്തി വിടാതിരിക്കുക എന്ന് ആവണി പ്രകാശ് തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top