Movlog

India

തലസ്ഥാനത്ത് പെട്രോളിന് 90 ! പെട്രോൾ , ഡീസൽ വില അഞ്ചു രൂപ കുറച്ച് അസം സർക്കാർ

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ കടന്നപ്പോൾ മാർച്ച്, ഏപ്രിൽ മാസത്തിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമിൽ ജനപ്രിയ പ്രഖ്യാപനങ്ങളും ആയി സർബാനന്ദ സോനോവാൾ നേതൃത്വത്തിലുള്ള സർക്കാർ. രാജ്യത്തുടനീളം ഇന്ധന വില കുതിച്ചുയരുന്നതിനിടെയാണ് അസമിൽ പെട്രോൾ ഡീസൽ വിലയിൽ അഞ്ചു രൂപ കുറച്ചത്. സംസ്ഥാനത്തെ മദ്യ നികുതിയിൽ 25 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് പുതുക്കിയ നിരക്ക് നിലവിൽ വരുന്നത്.

വെള്ളിയാഴ്ച നിയമസഭയിലാണ് ധനമന്ത്രി ഹിമാന്ത ബിശ്വാസ് നിരക്കുകൾ കുറച്ച കാര്യം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കി അധികാരം നിലനിർത്താനുള്ള തയ്യാറെടുപ്പുകളിൽ ആണ് ബിജെപി സർക്കാർ. 90 ലക്ഷത്തോളം ഗുണഭോക്താക്കൾ ഉള്ള 6000 കോടിയിലധികം രൂപയുടെ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. “ചാ ബാഗീസ് ധൻ പുരസ്കാര മേള”,” അരുണോദോയ്”, ” സ്വയെം ” തുടങ്ങിയ പ്രമുഖ പദ്ധതികളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമേ ജനുവരി മുതൽ രണ്ടുമാസത്തേക്ക് 30 യൂണിറ്റ് സൗജന്യ വൈദ്യുതിയും കുറഞ്ഞ വരുമാനക്കാരായ 17 ലക്ഷം കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായവും സർക്കാർ അറിയിച്ചിട്ടുണ്ട്. ഓരോ ഗുണഭോക്താവിനും അവശ്യ ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിന് ഓരോ മാസവും 830 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതിന് “അരുണോദയ” പദ്ധതിയും അസമിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങളായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ കീഴിലുള്ള പ്രധാന ഗുണഭോക്താവ് ഓരോ വീട്ടിലെയും മുതിർന്ന സ്ത്രീകളാണ്.

രണ്ടുലക്ഷം വിദഗ്ധരായ യുവാക്കൾക്ക് അവരുടെ ബിസിനസ്സ് ആരംഭിക്കുന്നതിന് 50,000 രൂപ വീതം നൽകുന്ന സ്വാമിവിവേകാനന്ദ അസ്ലം യുവജന ശാക്തീകരണം അഥവാ സ്വയേം എന്ന പദ്ധതി ജനുവരി 20 മുതൽ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഓരോ നിയോജക മണ്ഡലത്തിലും 1000 യുവാക്കളെ പദ്ധതിയിൽ ഉൾക്കൊള്ളിക്കും എന്ന് സംസ്ഥാന ധനമന്ത്രി ഹിമാന്ത ബിശ്വാസ് ട്വീറ്റ് ചെയ്തു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആസാം സന്ദർശിക്കുന്നതിനിടെ തേയില തൊഴിലാളികൾക്കായി നീക്കിവെച്ച ആനുകൂല്യ പദ്ധതിയുടെ മൂന്നാം ഘട്ട വിതരണം ആരംഭിച്ചിരുന്നു. 224 കോടി രൂപയാണ് മൂന്നാം ഘട്ടത്തിനായി വകയിരുത്തിയിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top