Kerala

“ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് ഒരാൾ അച്ഛനും മകനും ആകുന്നത്”… സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി അലിയുടെ ഹൃദയഭേദകമായ കുറിപ്പ്.

സ്വന്തം ജീവിതത്തിലെ കഥ ഹൃദയഭേദകമായ ഒരു കുറിപ്പായി പങ്കുവെക്കുകയാണ് അലി കടുക്കാശ്ശേരി. 2011ലാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം അലിയും ഗൗരിയും വിവാഹിതരായത്. സ്വന്തം ജീവിതകഥ ഒരു പൊതു മാധ്യമത്തിലൂടെ പങ്കു വെക്കേണ്ടി വരും എന്ന് ഒരിക്കലും അലി കരുതിയിരുന്നില്ല. അലിയുടെ അധികം സുഹൃത്തുക്കൾക്ക് അറിയാത്ത എന്നാൽ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമറിയാവുന്ന സ്വന്തം ജീവിതത്തെക്കുറിച്ച് വളരെ ആത്മസംഘർഷത്തോടുകൂടി പങ്കുവെക്കുകയാണ് അലി. ആരോഗ്യമുള്ള കാലത്തോളം എഴുത്തും വായനയും യാത്രയുമായി ഈ വലിയ ലോകത്ത് സ്വതന്ത്രമായി ജീവിക്കണമെന്നും ആരോഗ്യം ഇല്ലാത്ത കാലത്ത് ഏതെങ്കിലും വൃദ്ധസദനത്തിൽ ചേക്കേറി ഈ ഭൂമിയിൽ നിന്നും അകന്നു പോകാമെന്നും ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു അലി. അതുകൊണ്ടുതന്നെ വിവാഹജീവിതം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ആശ്രമങ്ങൾ ദർഗകൾ തുടങ്ങിയ ഇന്ത്യയിലെ പലയിടങ്ങളിലും സഞ്ചരിച്ചു. എങ്കിലും ജീവിതത്തിന്റെ തീരുമാനങ്ങൾ അലിയുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറം ആയിരുന്നു. 2010 ലായിരുന്നു അലിയുടെ ജീവിതം മാറിമറിഞ്ഞത്. തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് ഉള്ള ട്രെയിൻ യാത്രയിൽ കരുനാഗപ്പള്ളിയിൽ നിന്നും ഒരു യുവതിയും രണ്ടു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞും കയറി. ജീവിതത്തിൽ അന്നുവരെ ഇത്രയേറെ നിസ്സംഗത നിറഞ്ഞ ഒരു മുഖം അലി കണ്ടിട്ടില്ലായിരുന്നു. അന്നു പുകവലിശീലം ഉണ്ടായിരുന്ന അലി കമ്പാർട്ട്മെന്റിന്റെ വാതിലിനടുത്ത് നിന്ന് പുക വലിക്കുകയായിരുന്നു. അപ്പോൾ ആ യുവതി കുഞ്ഞിനെയുമെടുത്ത് എതിർവശത്തെ വാതിലിൽ വന്നു നിന്നു. കുഞ്ഞിനെയും ആയിജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് അലിക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായി. ഒരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് ആലോചിച്ചപ്പോൾ ആ യുവതിയോട് അവിടുന്ന് മാറാൻ അലി ആവശ്യപ്പെട്ടു. എന്നാൽ കേട്ട ഭാവം പോലും നടിക്കാതെ അവർ അവിടെ തന്നെ നിന്നു. അങ്ങനെ മറ്റു യാത്രക്കാരോട് കാര്യം പറയുകയായിരുന്നു അലി.

എല്ലാവരും ചേർന്ന് ആ യുവതിയെ സീറ്റിൽ കൊണ്ടിരുത്തി. ഒരു ജീവച്ഛവം പോലെ ഇരുന്ന ആ യുവതി തൃശ്ശൂരിൽ ഇറങ്ങി. എവിടേക്ക് പോകണം എന്ന് ചോദിച്ചപ്പോൾ സമാധാനമായി പോകാൻ ഒരു ഇടമില്ല എന്ന മട്ടിലായിരുന്നു മറുപടി. ഒടുവിൽ അവരുടെ വിലാസവും വീടും അന്വേഷിച്ച് ഒരു ഓട്ടോയിൽ കയറ്റി വിട്ടു. വീട് എത്തിയാൽ വിളിച്ചറിയിക്കണം എന്ന് പറഞ്ഞ് അലിയുടെ ഫോൺ നമ്പറും നൽകി. എന്നാൽ വിളി ഒന്നും വന്നില്ലായിരുന്നു. പക്ഷെ രണ്ടുമാസം കഴിഞ്ഞപ്പോൾ ഉണ്ട് അലിക്ക് ഒരു ഫോൺ കോൾ വരുന്നു. കുഞ്ഞിനെയും കൊണ്ട് മരിക്കാൻ ഇറങ്ങിത്തിരിച്ച ട്രെയിനിലെ ആ യുവതിയായിരുന്നു വിളിച്ചത്. വഞ്ചനയുടെയും ഗാർഹികപ്രശ്നങ്ങളുടെയും അവഗണനയുടെയും നീറുന്ന ജീവിതാനുഭവങ്ങൾ പങ്കുവെച്ചു ആ യുവതി. മൂന്നു സഹോദരിമാരുള്ള അലിക്ക് അത് കേട്ടപ്പോൾ ഉള്ള് ഒന്ന് പൊള്ളി. പിന്നീട് അവർ ഇടയ്ക്കൊക്കെ സംസാരിക്കുകയും തൃശൂരിൽ വച്ച് കാണുകയും ചെയ്തു.

ഒരു വർഷം പിന്നിടുമ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ഒരു താൽപര്യവും ആ യുവതിക്ക് ഉണ്ടായിരുന്നില്ല. കുഞ്ഞിനെ നല്ലപോലെ വളർത്തുവാനുള്ള സാമൂഹ്യ സാമ്പത്തിക സാഹചര്യമോ, നല്ലൊരു ജോലിയോ, വിദ്യാഭ്യാസമോ ഒന്നും ഉണ്ടായിരുന്നില്ല. പഴയ ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചു പോക്ക് ഇല്ല എന്നും അതിനേക്കാൾ നല്ലത് മരിക്കുന്നതാണ് എന്നും അവർ തീരുമാനിച്ചിരുന്നു. ഒടുവിൽ അലി യുവതിയോട് ചോദിച്ചു, നമുക്ക് ഒന്നു ജീവിച്ചു നോക്കിയാലോ എന്ന്. കുറച്ചുനേരം സ്തംഭിച്ചു നിന്ന ആ യുവതി പിന്നീട് നശിച്ചു പോയ ഒരു ജന്മത്തെ എടുത്ത് തലയിൽ വെക്കേണ്ട എന്ന് അലിയനോട് പറഞ്ഞു. നല്ലതൊക്കെ എടുത്ത് തലയിൽ വെക്കാൻ ആർക്കാണ് പറ്റാത്തത് നമുക്കൊന്നു നോക്കിക്കളയാം എന്ന് അലിയും പറഞ്ഞു. 2011ൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരം വടക്കാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഗൗരിയും അലിയും വിവാഹിതരായി. ആരുടെയും അനുഗ്രഹത്തിനോ അനുവാദത്തിനു കാത്തു നിൽക്കാതെ അവർ ഒരുമിച്ച് ജീവിതം തുടങ്ങി.

അലി മകന് ഋഷി എന്ന് പേര് നൽകി. ഗൗരിയുടെ ആഗ്രഹപ്രകാരം മൂകാംബികയിൽ പോയി അലിയുടെ മടിയിലിരുന്ന് ഋഷി ആദ്യാക്ഷരം കുറിച്ചു. ഗൗരിയ്ക്ക് പോകാൻ ആഗ്രഹമുള്ള എല്ലാ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോവുകയും സ്വന്തം കൈ പിടിച്ച് മകനെ അംഗൻവാടിയിലേക്കും പിന്നീട് സ്കൂളിലേക്കും അലി കൊണ്ടുപോയി. ഇനി ഒരു കുഞ്ഞു വേണ്ട എന്നും എല്ലാ സ്നേഹവും ഋഷിക്ക് നൽകാമെന്നും അവർ തീരുമാനിച്ചു. ഇതോടെ അലിയുടെ രക്ത ബന്ധങ്ങൾ എല്ലാം അലിയെ ഉപേക്ഷിച്ചുപോയി. വർഷങ്ങൾ കഴിഞ്ഞപ്പോൾ അലിയുടെ പിതാവിന് അലിയെ മനസിലാക്കുവാൻ കഴിഞ്ഞു. പിന്നീട് ഗൗരിയുടെ വീട്ടുകാരും അവരെ അംഗീകരിച്ചു.

വർഷങ്ങൾ കടന്നുപോയി ഋഷി എട്ടാംക്ലാസിൽ എത്തി. അപ്പോഴായിരുന്നു മകനെ വേണമെന്ന് ആവശ്യമായ ഋഷിയുടെ അച്ഛൻ കടന്നുവരുന്നത്. ഒടുവിൽ ഭൂമിയിലെ ഏറ്റവും വേദനയുള്ള ആ സത്യം ഒരു കഥ പോലെ അലിക്ക് ഋഷിയോട് പറയേണ്ടിവന്നു. ഋഷിയുടെ ബയോളജിക്കൽ ഫാദർ അലി അല്ല എന്ന സത്യം. അന്ന് അലിയെ കെട്ടിപിടിച്ചു ഋഷി കരഞ്ഞ കരച്ചിൽ മരണംവരെ മറക്കാനാവില്ല എന്ന് അലി പറയുന്നു. ആരു വന്നാലും ഈ അച്ഛൻ മതി എന്നും ഈ അച്ഛനെ വിട്ട് എങ്ങും പോകില്ല എന്നും ഋഷി അലിയെ ആശ്വസിപ്പിച്ചു. ലോകത്തിൽ ഒന്നിനെയും ഭയപ്പെടാതിരുന്ന അലി ആദ്യമായി സ്വന്തം മകന്റെ മുന്നിൽ പതറിപ്പോയി. ഋഷിയുടെ അച്ഛൻ ഇപ്പോൾ അലിയുടെ സുഹൃത്തുക്കളെ വിളിച്ച് ഓരോ കഥകളുണ്ടാക്കി പറയുകയാണ്. പലരും അലിയെ വിളിച്ച് ഓരോന്നും അന്വേഷിക്കുമ്പോൾ വിശദീകരണം പറഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് അലി. അതുകൊണ്ടാണ് ഇത്രയും വിശദമായ ഒരു കുറിപ്പ് പങ്കുവെച്ചത് എന്നും ഇതാണ് തന്റെ ജീവിതം എന്നും അലി പങ്കുവെക്കുന്നു. ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ അച്ഛനും മകനും ആവുന്നത് എന്നും അലി കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top