Movlog

Movie Express

രാവിലെയാണ് മണിക്കുട്ടൻ അറിയുന്നത് അവൻ മരിച്ചുവെന്ന്; കണ്ണീർ അടക്കാൻ സാധിക്കാതെ മണിക്കുട്ടൻ

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് മണിക്കുട്ടൻ. “കായംകുളം കൊച്ചുണ്ണി” ആയി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന മണിക്കുട്ടൻ, വിനയൻ സംവിധാനം ചെയ്ത “ബോയ്ഫ്രണ്ട് ” എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി സിനിമകളിൽ നായകനായും ,സഹനടനായും ,വില്ലനായും തിളങ്ങിയ മണിക്കുട്ടൻ ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ത്രീ ലെ മത്സരാർത്ഥിയാണ്. മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മറ്റു ഷോകളിൽ നിന്നും വ്യത്യസ്തമായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ 100 ദിവസം കഴിയുന്ന ഒരു ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് മോഹൻലാലാണ്. ആദ്യ രണ്ടു സീസണുകൾക്കും മികച്ച സ്വീകാര്യത ലഭിച്ചതോടെ മൂന്നാം സീസണും ആയി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഫെബ്രുവരി 14 വാലന്റ്റൈൻസ് ദിനത്തിലാണ് ബിഗ് ബോസ് മലയാളം സീസൺ ത്രീ ആരംഭിച്ചത്. മൂന്നാമത്തെ സീസണിലെ മത്സരാർത്ഥികളിൽ ഏറ്റവും ശ്രദ്ധേയമായ താരമാണ് മണിക്കുട്ടൻ. ബിഗ് ബോസ് ഹൗസിൽ ഓരോ ദിവസവും മത്സരാർത്ഥികൾക്ക് ടാസ്കുകൾ നൽകിയാണ് വിജയിയെ കണ്ടെത്തുന്നത്. സ്വന്തം ജീവിതത്തെ ആസ്പദമാക്കി നൽകുന്ന വിഷയത്തിൽ സംസാരിക്കാൻ ആയിരുന്നു ഇത്തവണത്തെ ടാസ്ക്. “ആത്മ സുഹൃത്ത് “എന്ന വിഷയം ലഭിച്ച മണിക്കുട്ടൻ പങ്കുവെച്ച അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുന്നത്. വിഷയം ലഭിച്ചപ്പോൾ കുറച്ചുനേരം താരം നിശബ്ദനായി നിന്നു. പിന്നീട് തന്റെ സുഹൃത്തിനെക്കുറിച്ച് വികാരനിർഭരനായിട്ടാണ് മണിക്കുട്ടൻ സംസാരിച്ചത്. താരത്തിന്റെ ഹൃദയത്തിൽ നിന്നും പുറത്തുവന്ന ആ നോവ് മറ്റുള്ളവരിലേക്കും എത്തി.

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു മണിക്കുട്ടന്റെ ജീവിതത്തിലേക്ക് റിനോജ്‌ എന്ന സുഹൃത്ത് കടന്നുവരുന്നത്. മണിക്കുട്ടന്റെ കുടുംബ കാര്യങ്ങൾ എല്ലാം അറിയുന്ന സുഹൃത്തായിരുന്നു റിനോജ്‌ . ആ സമയത്താണ് മണിക്കുട്ടൻ മിനി സ്ക്രീനിൽ സജീവമാകുന്നത്. സീരിയൽ ഷൂട്ടിങ്ങിനു പോവുമ്പോൾ റിനോജ്‌ മണിക്കുട്ടനൊപ്പം കൂടെ പോയി കാര്യങ്ങളെല്ലാം നോക്കുമായിരുന്നു. സഹോദരിമാരോടും മാതാപിതാക്കളോടും ഇല്ലാത്ത ഒരു ആത്മബന്ധം ആയിരുന്നു റിനോജിനോട്. സിനിമയിൽ മണിക്കുട്ടന് അവസരങ്ങൾ കുറഞ്ഞപ്പോൾ സുഹൃത്ത് ദുബായിലേക്ക് പോകാൻ തീരുമാനിച്ചു. “ഞാൻ എന്തെങ്കിലും ജോലി നോക്കാം പക്ഷേ നീ സിനിമ ഒരിക്കലും വിട്ടു പോകരുത്, ഉറച്ചു നിൽക്കണം” എന്നായിരുന്നു റിനോജ്‌ പറഞ്ഞത്. ദുബായിൽ നല്ല ജോലിയൊക്കെ കിട്ടി, നാട്ടിലേക്ക് വരുമ്പോൾ എയർപോർട്ടിലേക്ക് കൂട്ടാൻ മണിക്കുട്ടൻ തന്നെ പോകുമായിരുന്നു. ഫ്ലൈറ്റ് ഇറങ്ങി ഓടിവന്ന് റിനോജ്‌ കെട്ടിപ്പിടിക്കും. “മണിക്കുട്ടാ എന്റെ കമ്പനി ആണ്” എന്ന് അഭിമാനത്തോടെ പറഞ്ഞു കെട്ടിപ്പിടിക്കും.

നാട്ടിലെത്തിയാൽ മണിക്കുട്ടന്റെ ഒപ്പമായിരുന്നു സുഹൃത്തിന്റെ താമസം എല്ലാം. മണിക്കുട്ടന്റെ കാറിൽ മാത്രമേ യാത്ര ചെയ്യുമായിരുന്നുള്ളൂ. എന്നിട്ട് അഭിമാനത്തോടെ മറ്റുള്ളവരോട് പറയും ഇത് മണിക്കുട്ടന്റെ കാർ ആണെന്ന്. പ്രണയത്തിനുശേഷം റിനോജിന്റെ കല്യാണം നടക്കുമ്പോഴും കയ്യിൽ പൈസ ഉണ്ടായിട്ടും മണിക്കുട്ടന്റെ എടിഎം കാർഡ് എടുത്തുകൊണ്ടുപോയി, മണിക്കുട്ടൻ ആണ് കല്യാണം നടത്തി തരുന്നത് എന്ന് മറ്റുള്ളവരോട് അഭിമാനത്തോടെ പറയുമായിരുന്നു. “എന്നിൽ എനിക്ക് പോലുമില്ലാത്ത അഭിമാനമായിരുന്നു അവന്” എന്ന് മണിക്കുട്ടൻ വികാരനിർഭരനായി പറഞ്ഞു.

അങ്ങനെയാണ് ഏപ്രിലിൽ കോവിഡും ലോക്ഡൗൺ ഉണ്ടാവുന്നത്. കുറച്ചുദിവസം റിനോജ്‌ ജോലിക്ക് പോകാതെയായി. അടുത്തുള്ള ഒരാൾക്ക് കോവിഡ് ആയതിനാൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു റിനോജ്‌ . കുറച്ചു ദിവസം കഴിഞ്ഞ് ജോലിക്ക് പോകാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിക്കാനായി ആശുപത്രിയിലേക്ക് പോകുമ്പോൾ റിനോജ്‌ മണിക്കുട്ടനെ വിളിച്ചു തനിക്ക് അസ്വസ്ഥത തോന്നുന്നുണ്ട് തിരിച്ചു വരുമോ എന്നറിയില്ല എന്നൊക്കെ പറഞ്ഞു. മണിക്കുട്ടൻ സുഹൃത്തിനെ വഴക്കു പറഞ്ഞു. പിന്നീട് അറിഞ്ഞത് സുഹൃത്ത് ബോധംകെട്ട് ആശുപത്രിയിൽ അഡ്മിറ്റ് ആയി എന്നാണ്. കോവിഡ് പ്രോട്ടോകോൾ കാരണം മറ്റു സുഹൃത്തുക്കൾക്കും പോകാൻ സാധിച്ചില്ല. പത്തു ദിവസത്തിനുശേഷം ഐസിയുവിൽ നിന്ന് മാറ്റിയപ്പോൾ ആണ് ഒരു സുഹൃത്ത് പോയി റിനോജിന്റെ വീഡിയോ എടുത്തത്. “എന്താണ് പറ്റിയത് എന്ന് സുഹൃത്തുക്കൾ ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല. അവസാനം മണിക്കുട്ടനോട് വിളിച്ചുപറയും എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ അവന്റെ കണ്ണൊക്കെ നിറഞ്ഞു എങ്കിലും ഒന്നും പറഞ്ഞില്ല. ആ തെണ്ടിയെ വിളിച്ചു പറയല്ലേ എന്നായിരിക്കും അവൻ ഉദ്ദേശിച്ചത് എന്ന് ഞാൻ വിചാരിച്ചു. അവൻ എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ഞാൻ പ്രാർത്ഥിച്ചു “,എന്ന് നിറകണ്ണുകളോടെ മണിക്കുട്ടൻ പറഞ്ഞു.

ജൂലൈ ഒന്നാം തീയതി ആശുപത്രിയിൽ നിന്നും മണിക്കുട്ടനു ഒരു ഫോൺ വന്നു. പ്രിയ സുഹൃത്ത് റിനോജ്‌ മരിച്ചുവെന്ന്. മരിക്കാൻ പോവുകയാണെന്ന് സുഹൃത്തിന് അറിയാമായിരുന്നു. സുഹൃത്ത് കണ്ണുനിറഞ്ഞ് ആ വീഡിയോയിൽ നോക്കിയതിന്റെ അർത്ഥം അപ്പോഴാണ് മണിക്കുട്ടന് മനസ്സിലായത്. അവനെ നാട്ടിലേക്ക് കൊണ്ടു വന്നപ്പോഴും ഞാനായിരുന്നു കൊണ്ടുവരാൻ പോയത് എന്ന് പറഞ്ഞു മണിക്കുട്ടൻ വിതുമ്പി. സുഹൃത്തിന്റെ പെട്ടി അടക്കി കഴിയുന്നതുവരെ മണിക്കുട്ടൻ കരഞ്ഞില്ല. എല്ലാവരും ചോദിച്ചു മണിക്കുട്ടൻ കരയാത്തതിനെക്കുറിച്ച്. “നീ എന്റെ മുന്നിൽ ഒരിക്കലും കരയാൻ പാടില്ല” എന്ന് റിനോജ്‌ മണിക്കുട്ടനോട് പറഞ്ഞിരുന്നു. അവൻ ഇപ്പോഴും എന്റെ കൂടെയുണ്ട്” എന്ന് മണിക്കുട്ടൻ പറയുന്നു. ലാലേട്ടന്റെ വലിയ ആരാധകനായിരുന്നു റിനോജ്‌ . മണിക്കുട്ടൻ ബിഗ്ബോസിൽ വന്നപ്പോൾ ലാലേട്ടൻ റിനോജിന്റെ പേര് പറഞ്ഞിരുന്നു. സുഹൃത്തിനു വേണ്ടി അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന് പറഞ്ഞു മണിക്കുട്ടൻ വിതുമ്പുമ്പോൾ ഒപ്പം മറ്റ് മത്സരാർത്ഥികളുടെയും കണ്ണുനിറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top