ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് “സാന്ത്വനം”. റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പര ഒരു കൂട്ടു കുടുംബത്തിന്റെ ഹൃദയഹാരിയായ മുഹൂർത്തങ്ങളും രസകരമായ നിമിഷങ്ങളും ആണ് കാഴ്ചവെക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വർ, സജിൻ, ഗോപിക, രക്ഷ, ഗിരീഷ്, അച്ചു സുഗംധ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പരമ്പരയ്ക്ക് സമൂഹമാധ്യമങ്ങളിലും ആരാധകരേറെയാണ്. ബാലൻ, ഹരി, ശിവൻ, കണ്ണൻ എന്നീ നാലു സഹോദരങ്ങളുടെ ജീവിതത്തിലേക്ക് മൂത്ത മരുമകൾ ആയി ശ്രീദേവി കടന്നെത്തുന്നതും സഹോദരന്മാരെ ഒരു അമ്മയെപ്പോലെ വളർത്തുന്ന ശ്രീദേവിയുടെ “സാന്ത്വനം” വീട്ടിലേക്ക് പുതിയ മരുമക്കൾ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയിൽ കാണിക്കുന്നത്.
പരമ്പരയിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ജോഡിയാണ് ശിവാഞ്ജലി. കീരിയും പാമ്പും പോലെ ശത്രുക്കളായിരുന്ന ശിവനും അഞ്ജലിയും അപ്രതീക്ഷിതമായി കല്യാണം കഴിക്കേണ്ടി വരുന്നതും അവർക്കിടയിലെ ശത്രുത വിവാഹത്തിന് ശേഷം രസകരമായ വാക്കു തർക്കങ്ങൾ ആകുന്നതും പ്രേക്ഷകർ ഒരുപാട് ആസ്വദിച്ചിരുന്നു. ആ വെറുപ്പ് അലിഞ്ഞു പിന്നീട് പ്രണയം ആവുന്നതും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇവരുടെ പ്രണയരംഗങ്ങൾ കാണുവാൻ ഏറെ ആകാംഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ ആരാധകരെ ദുഖത്തിലാഴ്ത്തുന്ന ചില വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വരും ദിവസങ്ങളിൽ അഞ്ജലിയും ശിവനും തമ്മിലുള്ള വഴക്ക് ആണ് പരമ്പരയിൽ കാണിക്കുന്നത് എന്നാണ് സൂചനകൾ. അഞ്ജലിയോട് തനിക്ക് തോന്നുന്ന സ്നേഹം അഞ്ജലിക്ക് തിരിച്ച് ഇല്ലെന്നു തോന്നുകയും ഇതിനെ തുടർന്ന് സ്വന്തം പ്രണയത്തിൽ നിന്നും പതുക്കെ പിൻമാറാൻ ശ്രമിക്കുന്ന ശിവനേയും ആണ് ഇനി പരമ്പരയിൽ കാണുക. മദ്യപിച്ചു വീട്ടിലെത്തുന്ന ശിവനുമായി അഞ്ജലി വഴക്കിടുന്നത് വരും എപ്പിസോഡുകളിൽ കാണിക്കുന്നു എന്നാണ് പുറത്തുവരുന്നത്. താൽക്കാലികമായി അഞ്ജലിയും ശിവനും തമ്മിൽ വേർപിരിയുന്നത് കാണിക്കുമെന്നും പുറത്തുവരുന്നുണ്ട്. ഇതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായ ശിവാഞ്ജലിയുടെ രസകരമായ നിമിഷങ്ങൾ കാണാൻ കഴിയില്ല എന്ന ദുഃഖത്തിലാണ് ആരാധകർ.