Movlog

Movie Express

മകളുടെ പിറന്നാൾ ആഘോഷത്തിന്റെ സർപ്രൈസ്‌ ഒരുക്കി ഷിഹാബുദീൻ! വീഡിയോ

ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് വിജയം നേടിയ, കൈകാലുകൾ ഇല്ലാത്ത ഷിഹാബുദീനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. എല്ലാം തികഞ്ഞിട്ടും ഒന്നിനും പറ്റുന്നില്ല എന്ന് പരാതിപ്പെടുന്ന ഒരുപാട് യുവാക്കൾക്ക് പ്രചോദനമാണ് ഷിഹാബുദീൻ. തന്റെ വൈകല്യങ്ങളെ ഒന്നും വകവയ്ക്കാതെ ചിത്രകാരൻ, അധ്യാപകൻ, മോട്ടിവേഷണൽ സ്പീക്കർ, വയലിനിസ്റ്റ്, മജീഷ്യൻ എന്നീ മേഖലകളിൽ സജീവമായി മലയാളികളെ വിസ്മയിപ്പിക്കുന്ന വ്യക്തിത്വമാണ് ഷിഹാബുദീൻ. ശാരീരിക കുറവുകളെ ജീവിതത്തിലെ ചവിട്ടുപടികൾ ആക്കിയാണ് ഷിഹാബുദീൻ മുന്നേറിയത്.

ടെട്രാ അമേലിയ സിൻഡ്രോം എന്ന രോഗാവസ്ഥയിലും ശിഹാബ് നേടിയ വിജയങ്ങൾ ചെറുതല്ല. ഒരു ചെറിയ പ്രതിസന്ധി വരുമ്പോൾ തന്നെ മനസ്സ് തളരുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്ന ആളുകൾ ആണ് നമുക്ക് ചുറ്റിലുമുള്ളത്. എന്നാൽ വിധിയോട് പോരാടി ഉയരങ്ങൾ കീഴടക്കാനുള്ള ദൃഢനിശ്ചയം അദ്ദേഹത്തെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാണ് ശിഹാബിന്റെ പ്രണയവും വിവാഹവും എല്ലാം. ഇപ്പോൾ ഇതാ ശിഹാബിന്റെ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ തയ്യാറെടുപ്പുകളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ശിഹാബ്- ഷഹാന ദമ്പതികളുടെ മകൾ ആമിയുടെ ഒന്നാം പിറന്നാളാണ് മാർച്ച് 21ന്. പിറന്നാൾ ആഘോഷിക്കാൻ പോകുന്ന ആമിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പിറന്നാൾ ഒരുക്കങ്ങളുടെ വീഡിയോകളും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വൈറലാകുന്നത്.

അച്ഛൻ ശിഹാബ് തന്നെയാണ് ആമിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായുള്ള ഷോപ്പിംഗ്, ഫോട്ടോഷൂട്ട് വീഡിയോകൾ എല്ലാം സ്വന്തം യൂട്യൂബ് ചാനലിലൂടെ ശിഹാബ് ആരാധകർക്കായി പങ്കുവെച്ചു. ശിഹാബിന്റെയും ഷഹാനയുടെയും പ്രണയവിവാഹമായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഉഗ്രം ഉജ്ജ്വലം എന്ന പരിപാടിയാണ് ശിഹാബിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഈ ഷോയിൽ എത്തിയതിനുശേഷമാണ് ശിഹാബ് മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമായത്. ഉഗ്രം ഉജ്ജ്വലം കണ്ടതിനുശേഷമാണ് ശഹാന ഫേസ്ബുക്ക് വഴി ശിഹാബിന് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത് പിന്നീട് ഇവർ സുഹൃത്തുക്കൾ ആയി. ആ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിൽ എത്തുകയുമായിരുന്നു.

ഒരുപാട് നാളത്തെ പ്രണയം ഇല്ലായിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ പരസ്പരം മനസ്സിലാക്കാൻ അവർക്ക് സാധിച്ചു. 2018ൽ ആണ് ഇവർ വിവാഹിതരായത്. ഇതിനോടകം ഇന്ത്യയിൽ എഴുനൂറിലധികം വേദികളിൽ ശിഹാബ് പ്രസംഗിച്ചിട്ടുണ്ട്. നമ്മുടെ കുറവുകൾ നമുക്ക് പരിമിതി നിശ്ചയിക്കാനുള്ളതല്ല മറിച്ച് ഉയരങ്ങൾ കീഴടക്കാനുള്ള ശക്തിയാണ് നൽകുന്നത് എന്ന് ശിഹാബിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. കഠിനമായ പരിശീലനത്തിലൂടെ എന്തും നേടിയെടുക്കാൻ സാധിക്കും എന്നും കുറവുകൾ ഉണ്ട് എന്നത് വെറും ഒഴിവുകഴിവുകൾ മാത്രമാണ് എന്ന് തെളിയിച്ച് ഒരുപാട് ആളുകൾക്ക് മാതൃകയും പ്രചോദനവും ആവുകയാണ് ശിഹാബ് എന്ന യുവാവ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top