Movlog

Faith

71കാരി ജന്മം നൽകിയ കുഞ്ഞ് മരിച്ചു ! മരണ കാരണം

ഹൃദയഭേദകമായ ഒരു വാർത്തയാണ് ഇപ്പോൾ കേരളക്കരയെ നൊമ്പരപ്പെടുത്തുന്നത്. ഒരുപാട് കാലത്തെ കാത്തിരിപ്പിനും, പ്രതീക്ഷയ്‌ക്കും ഒടുവിൽ റിട്ടയേഡ് അദ്ധ്യാപിക സുധർമയുടെ ജീവിതത്തിലേക്ക് കടന്നു വന്ന ആ മാലാഖക്കുഞ്ഞ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. കൃത്രിമ ഗർഭധാരണത്തിലൂടെ ആണ് 71 വയസുകാരിയായ സുധർമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. മാർച്ച് 18 നാണ് ടീച്ചറുടെ ജീവിതത്തിലേക്ക് ആ പൊന്നോമന പിറന്നു വീണത്. മകളെ കൊഞ്ചിച്ചും താരാട്ടു പാടിയും കൊതി തീരും മുമ്പേ ടീച്ചറെ ഒറ്റയ്ക്കാക്കി ആ മാലാഖക്കുഞ്ഞ് യാത്രയായി.

മാർച്ച് 18 നു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയിലൂടെ ആണ് 32 ആഴ്ച മാത്രം പ്രായമുള്ള ശ്രീലക്ഷ്മി പിറന്നത്. ജനിക്കുമ്പോഴേ കുഞ്ഞിന് തൂക്കവും പ്രതിരോധ ശേഷിയും കുറവായതിനാൽ 40 ദിവസത്തോളം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയിലെ പരിചരണത്തെ തുടർന്ന് കുഞ്ഞിന്റെ തൂക്കം 1.1 ൽ നിന്നും 1.35 കിലോഗ്രാമിലേക്ക് ഉയർന്നിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെ കഴിഞ്ഞ 28നാണ് കുഞ്ഞിനെ രാമപുരത്തെ വീട്ടിലേക്ക് കൊണ്ട് പോയത്. എന്നാൽ വീട്ടിലെത്തി ദിവസങ്ങൾക്കകം പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിക്കുകയായിരുന്നു.

ഒന്നര വർഷം മുമ്പായിരുന്നു റിട്ടയേഡ് അദ്ധ്യാപിക സുധർമയുടെയും ടെലി കമ്മ്യുണിക്കേഷൻ ഓഫീസർ സുരേന്ദ്രന്റെയും മകൻ സുജിത് (35) സൗദി അറേബിയയിൽ വെച്ച് മരിച്ചത്. മകന്റെ അപ്രതീക്ഷിത വിയോഗത്തിൽ തീർത്തും ഒറ്റപ്പെട്ടതോടെ ആണ് വീണ്ടും ഒരു കുഞ്ഞ് വേണമെന്ന് ഇവർ ആഗ്രഹിക്കുന്നത്. അങ്ങനെ ആണ് കൃതിമ ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നല്കാൻ ഇവർ തീരുമാനിക്കുന്നത്. സുധർമയുടെ ആഗ്രഹം ആദ്യം അറിഞ്ഞപ്പോൾ ഡോക്ടർമാർ എതിർക്കുകയായിരുന്നു. ഈ പ്രായത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് വലിയ വെല്ലുവിളി ആണെന്ന് അറിഞ്ഞിട്ടും തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു സുധർമ. സുധർമയ്ക്ക് പൂർണ പിന്തുണയുമായി ഭർത്താവ് സുരേന്ദ്രനും ഒപ്പം തന്നെ ഉണ്ടായിരുന്നു.

മകന്റെ മരണത്തിനു ശേഷം ഈ വൃദ്ധ ദമ്പതികൾക്ക് ജീവിക്കാനുള്ള ഒരു കാരണം ആയിരുന്നു ആ കുഞ്ഞ്. അവളുടെ കളിചിരികളിലൂടെ ജീവിതത്തിന്റെ പുതിയ താളം കണ്ടെത്തി മുന്നോട്ടേക്ക് പോകുമ്പോൾ ആണ് മരണം ഒരിക്കൽക്കൂടി അവർക്ക് അരികിലേക്ക് എത്തുന്നത്. 45 ദിവസം മാത്രം പ്രായമുള്ള തന്റെ പൊന്നോമനയെ മരണം തട്ടിയെടുത്തപ്പോൾ സുധർമയും സുരേന്ദ്രനും വീണ്ടും തനിച്ചായി. പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കുറച്ചു ദിവസങ്ങൾ മാത്രം നീണ്ടു നിന്ന സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി ശ്രീലക്ഷ്മി ഈ ലോകത്തോട് വിട പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top