Movlog

Kerala

ചേച്ചിയുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ 4 ലക്ഷം രൂപ ഗെയിം കളിച്ച് തീർത്ത ഒമ്പതാം ക്ലാസുകാരൻ !

ഇന്ന് ഏതൊരു വീട്ടിലും കാണാൻ കഴിയുന്ന ഒന്നാണ് സ്മാർട്ട്ഫോണുകൾ. വീട്ടിലെ ഓരോ അംഗങ്ങൾക്കും സ്മാർട്ട്ഫോണുകൾ ഉള്ളവരാണ് നമ്മളിൽ പലരും. നമ്മുടെ ജോലികളെല്ലാം എളുപ്പമാക്കി എല്ലാം ഒരു വിരൽത്തുമ്പിൽ എത്തിക്കുവാൻ വളരെ വലിയ പങ്കുവഹിക്കുന്ന സ്മാർട്ട്ഫോണുകൾ നല്ല രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഒരു കുടുംബത്തെ തകർത്തുകളയുന്ന ആയുധം ആയി മാറും. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അച്ഛനും അമ്മയും രണ്ടു മക്കളുമടങ്ങുന്ന തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്ത് ഒരു പാവപ്പെട്ട കുടുംബത്തിന് ഉണ്ടായ ദുരവസ്ഥയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്. കർഷകതൊഴിലാളികൾ ആയ മാതാപിതാക്കൾ ജീവിതകാലം മുഴുവനും കഠിനാധ്വാനം ചെയ്താണ് മക്കളെ പഠിപ്പിച്ചതും മകളുടെ വിവാഹത്തിനായി നാലു ലക്ഷം രൂപയോളം സ്വരുകൂട്ടിയതും.

മകൾക്ക് ഒരു നല്ല വിവാഹാലോചന വന്നപ്പോഴായിരുന്നു വിവാഹം നടത്തുന്നതിനോടനുബന്ധിച്ച് ബാങ്കിൽ നിക്ഷേപിച്ച നാല് ലക്ഷം രൂപ പിൻവലിക്കാൻ ഇവർ തീരുമാനിക്കുന്നത്. അപ്പോഴായിരുന്നു ആ കുടുംബത്തെ തകർക്കുന്ന ആ ഞെട്ടിക്കുന്ന വിവരം അവർ അറിയുന്നത്. ബാങ്കിൽ നിക്ഷേപിച്ചിരുന്ന നാലു ലക്ഷം രൂപ പലതവണകളായി ആരോ തട്ടിയെടുത്ത് ഇരിക്കുന്നു. നാല് ലക്ഷം രൂപയുടെ സ്ഥാനത്ത് ഒരു രൂപ പോലും ഇല്ല എന്ന സത്യം അവർക്ക് താങ്ങാൻ കഴിഞ്ഞില്ല. അലമുറയിട്ടു കരയാൻ അല്ലാതെ മറ്റൊന്നും അവർക്ക് ചെയ്യാനില്ലായിരുന്നു. അക്കൗണ്ടിൽ നിന്നും പല ഘട്ടങ്ങളായി പണം വലിച്ചതിന്റെ രേഖകൾ ബാങ്ക് അധികൃതർ വിശദമായി നൽകിയതിനെത്തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു അവർ. അങ്ങനെയാണ് ആരാണ് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചത് എന്നും ഏതു അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത് എന്നും പോലീസ് കണ്ടെത്തിയത്.

ബാങ്കിൽ ഉണ്ടായിരുന്ന നാലു ലക്ഷം രൂപ പലതവണയായി പിൻവലിച്ചതും പല അക്കൗണ്ടുകളിൽ ആയി കൈമാറിയതും വീട്ടിൽ തന്നെ ഇരിക്കുന്ന ഒൻപതാം ക്ലാസുകാരനായ മകൻ ആണെന്ന് അവർ അറിഞ്ഞു. കോവിഡ് പ്രതിസന്ധി കാരണം ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ മകന് ഒരു മൊബൈൽഫോൺ നൽകിയിരുന്നു മാതാപിതാക്കൾ. പഠനത്തിൽ സമർത്ഥനായിരുന്ന മകൻ മറ്റു കുട്ടികൾക്ക് മാതൃകയും മാതാപിതാക്കൾക്ക് അഭിമാനവുമായിരുന്നു. എന്നാൽ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മകൻ ഒരിക്കൽ ഒരു ഓൺലൈൻ ഗെയിം ഇൻസ്റ്റാൾ ചെയ്തു. അങ്ങനെ ആ കളിയോട് അടിമപ്പെടുകയായിരുന്നു ആ ഒമ്പതാം ക്ലാസുകാരൻ. അമ്മയുടെ പേരിലുള്ള സിംകാർഡ് ആയിരുന്നു മകൻ ഉപയോഗിച്ചിരുന്നത്. അതേ നമ്പറുമായി ബാങ്ക് വിവരങ്ങൾ ബന്ധിപ്പിച്ചിരുന്നതിനാൽ കളിയുടെ പുതിയ സങ്കേതങ്ങൾ തേടി പിടിക്കുവാനായി അവൻ ബാങ്കിലെ പണം ഉപയോഗിക്കുകയായിരുന്നു. ഇടപാടുകൾ നടത്തുമ്പോൾ വരുന്ന നിർദ്ദേശങ്ങളും ഒട്ടിപി സന്ദേശങ്ങളും എല്ലാം മകൻ തന്നെ കൈകാര്യം ചെയ്തു.

ആദ്യം പത്തും പതിനഞ്ചും രൂപയ്ക്ക് കളി സങ്കേതങ്ങൾ വാങ്ങിയത് മാതാപിതാക്കളും സഹോദരിയും മനസ്സിലാക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതോടെ നൂറും ആയിരവും വിലപിടിപ്പുള്ള സങ്കേതങ്ങളും ഓൺലൈൻ കളി ഉപകരണങ്ങളും ആയി മാറി. അതിനിടെയാണ് മകളുടെ വിവാഹത്തിനു സ്വരുക്കൂട്ടിയ മുഴുവൻ പണവും ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത്. വിശദമായ അന്വേഷണത്തിനു ശേഷം സംഭവത്തെക്കുറിച്ചുള്ള സത്യാവസ്ഥ എല്ലാം പോലീസുദ്യോഗസ്ഥർ മാതാപിതാക്കളെ ബോധ്യപ്പെടുത്തി. സംഭവത്തിൽ കുട്ടിയെ ശാസിക്കുകയും മർദ്ദിക്കുകയും ചെയ്തിട്ട് കാര്യമില്ലെന്നും നേർവഴി കാണിക്കുകയാണ് വേണ്ടതെന്നും പോലീസ് ഉദ്യോഗസ്ഥർ ഉപദേശിച്ചു. ഓൺലൈൻ പഠനത്തിനിടയിൽ മക്കൾ അറിഞ്ഞും അറിയാതെയും ചെന്നുപെടുന്ന ഇത്തരം തട്ടിപ്പുകളെ കുറിച്ച് മാതാപിതാക്കൾ ബോധവാന്മാർ ആയിരിക്കണം. കുട്ടികളെ പോലെ തന്നെ മാതാപിതാക്കളും ജാഗരൂകരായി ഇത്തരം ചതിക്കുഴികളിൽ വീഴുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കണം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top