അനുദിനം വളര്‍ന്നുകൊണ്ടിരിയിക്കുകയാണ് സാങ്കേതികവിദ്യ. മനുഷ്യന്റെ ചിന്തകള്‍ക്ക് പോലും അതീതമായ പല കണ്ടെത്തലുകളും ശാസ്ത്ര- സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സാധ്യമായിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ഭക്ഷ്യ യോഗ്യമായ കൃത്രിമ ബീഫ് നിര്‍മിച്ച് ശ്രദ്ധ നേടുകയാണ് ഇസ്രയേല്‍ കമ്പനി. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ കൃത്രിമ ബീഫ് തയാറാക്കുന്നത്. യഥാര്‍ത്ഥ പശുവിന്റെ കോശങ്ങള്‍ ഉപയോഗിച്ചാണ് ത്രിഡി ബയോപ്രിന്റഡ് മാംസം നിര്‍മിച്ചിരിയ്ക്കുന്നത്. ഇസ്രയേല്‍ കമ്പനിയായ അലഫ് ഫാംസ് ആണ് തങ്ങളുടെ ലാബില്‍ കൃത്രിമമായി ബീഫ് തയാറാക്കിയെടുത്തത്.
പ്രത്യേകമായി തെരഞ്ഞെടുത്ത രണ്ട് പശുക്കളുടെ കോശങ്ങള്‍ ഉപയോഗിച്ചാണ് ലാബില്‍ ഈ മാംസം വളര്‍ത്തിയെടുത്തത്. പിന്നീട് ഈ മാംസം ഉപയോഗിച്ച് ഒരു റെപ്ലിക്ക സ്റ്റീക്ക് ഉണ്ടാക്കുകയും ചെയ്തു. ലാബില്‍ കോശങ്ങള്‍ ഉപയോഗിച്ച് തയാറാക്കിയെടുത്ത മാംസം യഥാര്‍ത്ഥ മാംസം തന്നെയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല ഈ മാംസം പരിസ്ഥിതിയ്‌ക്കോ മൃഗങ്ങള്‍ക്കോ അപകടകരമല്ലെന്നും കമ്പനി പറയുന്നു. പ്രത്യേകമായി തയാറാക്കിയ ഇന്‍ക്യുബേറ്ററിന്റെ സഹായത്താല്‍ പശുവിന്റെ കോശങ്ങള്‍ക്കൊപ്പം നാല് പുതിയ കോശങ്ങള്‍ കൂടി ഉദ്പാദിപ്പിയ്ക്കുന്നു. അതായത് സഹായക കോശം, കൊഴുപ്പ് കോശം, രക്തക്കുഴല്‍ കോശം, പേശീ കോശം എന്നിവ. ഇവയില്‍ നിന്നെല്ലാമാണ് മാംസം ഉദ്പാദിപ്പിയ്ക്കുന്നത്. ഇത്തരത്തില്‍ ലാബില്‍ സൃഷ്ടിച്ചെടുക്കുന്ന മാംസത്തിന്റെ ഘടന മാറുന്നതിന് മുമ്പുതന്നെ അവയില്‍ നിന്നും ആവശ്യമില്ലാത്ത ഭാഗങ്ങള്‍ നീക്കം ചെയ്ത് ഭഷ്യയോഗ്യമാക്കുന്നു.