പൊട്ടറ്റോ ചിപ്‌സ്, ബ്രെഡ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ചോക്ലേറ്റ് എന്നിവ അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍? സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ലീക്കി ഗട്ട് സിന്‍ഡ്രോമിന് കാരണമാകുമെന്നും ഇത് വൃക്കരോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നുമാണ് പുതിയ പഠന റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് വറുക്കുന്നതും പൊരിക്കുന്നതും അല്ലെങ്കില്‍ സംസ്കരിക്കുന്ന ഭക്ഷണങ്ങളില്‍ advanced glycation end products (AGE) എന്ന ഹാനികരമായ രാസ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിരിക്കുന്നത്. ഈ രാസവസ്തുക്കളാണ് വറുത്തതും പൊരിക്കുന്നതുമായ ഭക്ഷണങ്ങള്‍ക്ക് സ്വാദും സുഗന്ധവും നല്‍കുന്നത്. AGE വൃക്കരോഗത്തിന് കാരണമാകുന്ന രാസസംയുക്തമാണ്. എന്നാല്‍ അന്നജം അടങ്ങിയിരിക്കുന്ന ഓട്സ്, വേവിച്ച അരി, ബാര്‍ലി, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങളായ കറുത്ത പയര്‍, കടല, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവ കുടലിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാന്‍ സഹായിക്കും. സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നത് . ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ കുടലിലേക്ക് ഇറങ്ങുമ്ബോള്‍ നിങ്ങളുടെ കുടല്‍ ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമായി മാറും. ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ഈ ഭക്ഷണങ്ങള്‍ കുടലിന്റെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കുമെന്ന് മോനാഷ് സെന്‍ട്രല്‍ ക്ലിനിക്കല്‍ സ്കൂളിലെ ഡയബറ്റീസ് വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ മെലിന്‍ഡ കൊഗ്ലാന്‍ പറഞ്ഞു. ആഗോളതലത്തില്‍, 10 ശതമാനം ആളുകള്‍ക്ക് വൃക്കരോഗം ബാധിക്കുന്നുണ്ട്.
സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗം ചിലപ്പോള്‍ മരണത്തിന് വരെ കാരണമാകാറുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം, കാന്‍സര്‍, ദഹനനാളത്തിലെ രോഗങ്ങള്‍ എന്നിവയ്ക്കും ഇത്തരം ഭക്ഷണങ്ങള്‍ കാരണമാകാറുണ്ട്. കൂടുതല്‍ പ്രതിരോധശേഷിയുള്ളതും അന്നജം, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണവും കഴിക്കുന്നതിലൂടെ മറ്റ് ഭക്ഷണങ്ങളുടെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കൊഗ്ലാന്‍ പറഞ്ഞു. തുടര്‍ച്ചയായി എട്ടു ദിവസം ഫാസ്റ്റ് ഫുഡ് കഴിക്കുകയാണെങ്കില്‍ അത് തലച്ചോറിനെ സാരമായ രീതിയില്‍ ബാധിക്കുമെന്ന് നേരത്തെ മറ്റൊരു ഗവേഷണ സംഘം കണ്ടെത്തിയിരുന്നു. തലച്ചോറിലെ Hippocampus എന്ന ഭാഗത്തിനെയാണ് ഇത് ബാധിക്കുക. നമ്മുടെ തലച്ചോറില്‍ ഓര്‍മകളെ നിയന്ത്രിക്കുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്ന ഭാഗമാണിത്. മെലിഞ്ഞവരും ആരോഗ്യമുള്ളവരുമായ 110 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്.
പഠന കാലയളവിനു മുൻപും ശേഷവും പഠനത്തില്‍ പങ്കെടുത്തവരോട് പഞ്ചസാര നിറഞ്ഞ ഭക്ഷണം ഇഷ്ടമാണോ അല്ലയോ എന്ന് റേറ്റുചെയ്യാന്‍ ആവശ്യപ്പെട്ടു. ജങ്ക് ഫുഡ് കഴിച്ചവരില്‍ ഈ റേറ്റിംഗ് കൂടുതല്‍ ആയിരുന്നു. അതുപോലെ തന്നെ ഈ ഗ്രൂപ്പ് ഓര്‍മ പരീക്ഷയിലും പഠന പരിശോധനയിലും മോശം നിലവാരമാണ് പ്രകടിപ്പിച്ചത്. കഴിക്കാനുള്ള ആഗ്രഹം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ജങ്ക് ഫുഡ് ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുമെന്ന് ഗവേഷകര്‍ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ഒരാഴ്ച ജങ്ക് ഫുഡ് തുടര്‍ച്ചയായി കഴിക്കുന്നതിന് വിധേയരാകുന്നത് Hippocampus പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.